Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സ് വിദേശ സര്‍വീസുകള്‍ വികസിപ്പിച്ചു

Published

|

Last Updated

ദോഹ: മറാക്കിഷിലേക്ക് ആദ്യമായി സര്‍വീസ് ആരംഭിച്ചതുള്‍പ്പെടെ ഖത്വര്‍ എയര്‍വേയ്‌സ് വിവിധ ലോക നഗരങ്ങളിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ചു. സര്‍വീസ് വികസപ്പിച്ചതിന്റെ ആഘോഷം ഇന്നലെ എയര്‍ലൈന്‍ സംഘടിപ്പിച്ചു. ജൂലൈ ഒന്നിനാണ് മറാകിഷിലേക്ക് ആദ്യത്തെ സര്‍വീസ് ആരംഭിച്ചത്. ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ചൈനയിലെ ഗൂവാങ്ഷൂ, സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവ, പോളണ്ടിലെ വര്‍സോ എന്നീ നഗരങ്ങളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് ഉയര്‍ത്തിയത്.
എല്ലാ റൂട്ടുകളിലേക്കും പുതിതായി സ്വന്തമാക്കിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് ഉയര്‍ത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും പുതിയ വിമാനങ്ങള്‍ ഉപയോഗിച്ച് മികച്ച സൗകര്യങ്ങളോടെയാണ് ഖത്വര്‍ എയര്‍വേയ്‌സ് യാത്രാ സേവനം നല്‍കുന്നത്. ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് സര്‍വീസ് വികസിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. നിലവിലുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കിയാണ് ഉയര്‍ത്തിയത്. പുതിയ വിമാനങ്ങള്‍ക്ക് അതതു സര്‍വീസ് നഗരങ്ങളില്‍ മികച്ച സ്വീകരണം ലഭിച്ചു. ഗുവാങ്ഷൂവിലേക്ക് എ 380 വിമാനമാണ് ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ഈ എയര്‍പോര്‍ട്ടിലേക്ക് ഒരു എ 380 വിമാനം സര്‍വീസ് നടത്തുന്നത്. ഖത്വര്‍ എയര്‍വേയ്‌സിന്റെ നാലാമത് എ 380 സര്‍വീസ് നഗരവുമാണിത്. ബാംഗോക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളിലേക്കാണ് നേരത്തേ സര്‍വീസുള്ളത്. ഗുവാങ്ഷൂവിലേക്ക് 2008ലാണ് ഖത്വര്‍ എയര്‍വേയ്‌സ് ബോയിംഗ് 777 വിമാനവുമായി സര്‍വീസ് തുടങ്ങിയത്. അത്യാധുനിക സൗകര്യങ്ങളാണ് എ 380 വിമാനം നല്‍കുന്നത്. എട്ടു സീറ്റുകളുള്ള ഫസ്റ്റ് ക്ലാസ്, 48 സീറ്റുകളുള്ള ബിസിനസ് ക്ലാസ് 461 എക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുള്ളത്. സ്വിറ്റിസര്‍ലാന്‍ഡിലേക്ക് ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസ് നടത്തുന്നത്. വാട്ടര്‍ സല്യൂട്ടിലൂടെയായിയിരുന്നു ജനീവയിലേക്കുള്ള രണ്ടാം വിമാനത്തിനുള്ള സ്വീകരണം. എയര്‍ബസ് എ 320 വിമാനം ഉപയോഗിച്ചുള്ള പ്രതിദിന സര്‍വീസാണ് നിലവിലുണ്ടായിരുന്നത്. സുറിച്ചിലേക്ക് ഡ്രീംലൈനറിന്റെ പ്രതിദിന സര്‍വീസുണ്ട്. വര്‍സോവിലേക്ക് എ 320 വിമാനം ഉപയോഗിച്ചിരുന്നതാണ് ഇപ്പോള്‍ ഡ്രീംലൈനറാക്കി മാറ്റിയത്. യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള വര്‍ധിച്ച ആവശ്യം പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങളുള്ള ഡ്രീംലൈനര്‍ വിമാനങ്ങള്‍ പുതിയ റൂട്ടുകളില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ റൂട്ടുകളിലേക്ക് പുതിയ വിമാനങ്ങള്‍ പറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.