മകളെ പരിഹസിച്ചത് ചോദ്യം ചെയ്ത പിതാവ് മര്‍ദ്ദനമേറ്റു മരിച്ചു

Posted on: July 7, 2016 2:50 pm | Last updated: July 7, 2016 at 2:50 pm
SHARE

തൃശൂര്‍: ചാവക്കാട്ട് സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പഞ്ചാരമുക്ക് സ്വദേശി ടി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന രമേശന്‍ ഉച്ചയ്ക്ക് 1.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ചാവക്കാട് സഹോദരന്റെ വീട്ടിലേക്ക് കുടുംബ സമേതം എത്തിയ രമേശ് ബൈക്കില്‍ തിരിച്ചുപോകുന്നതിനിടെ പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരുന്നവര്‍ കൂവി വിളിച്ച് കളിയാക്കിയിരുന്നു. കുടുംബാംഗങ്ങളെ വീട്ടില്‍ എത്തിച്ച് ഇയാള്‍ പരിഹസിച്ചത് ചോദ്യം ചെയ്യാന്‍ തിരിച്ചത്തെി. തുടര്‍ന്ന് വഴക്കുണ്ടാവുകയും മദ്യപസംഘം രമേശിനെ മര്‍ദിക്കുകയുമായിരുന്നു. കുഴഞ്ഞു വീണ രമേശിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

മര്‍ദിച്ചുകൊലപ്പെടുത്തിയെന്ന കുടുംബാംഗങ്ങളുടെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തെ തുടര്‍ന്ന് ചാവക്കാട് രണ്ട് മുതല്‍ ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.