Connect with us

International

നികുതി വെട്ടിപ്പ്; ലയണല്‍ മെസിക്ക് 21 മാസം തടവ്

Published

|

Last Updated

ബാഴ്‌സലോണ: സ്‌പെയിനിലെ അര്‍ജന്റീന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവിനും നികുതി വെട്ടിപ്പ് കേസില്‍ 21 മാസം തടവുശിക്ഷയും പിഴയും. 20 ലക്ഷം യൂറോയാണ് മെസ്സിയ്ക്ക് കോടതി ചുമത്തിയ പിഴ. സ്പാനിഷ് കോടതിയുടേതാണ് വിധി. പിതാവ് ഹൊറാസിയോ 15 ലക്ഷം യൂറോ പിഴയും ഒടുക്കണം. 53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് പ്രോസിക്യൂഷന്‍ വിഭാഗം കുറ്റപ്പെടുത്തിയിരുന്നു.

2007 മുതല്‍ 2009 വരെ നടത്തിയ നികുതി വെട്ടിപ്പിനാണ് ശിക്ഷിച്ചത്. മൂന്നു കുറ്റങ്ങളാണ് മെസിക്കെതിരെ തെളിഞ്ഞത്. എന്നാല്‍ അതേസമയം, തടവുശിക്ഷ രണ്ടുവര്‍ഷത്തില്‍ കുറവായതിനാല്‍ സ്‌പെയിനിലെ നിയമമനുസരിച്ച് ഇരുവരും ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് സൂചന. കേസില്‍ മെസിക്ക് അപ്പീല്‍ നല്‍കാനും അവസരമുണ്ട്.

ഫോര്‍ബ്‌സ് മാഗസിന്റെ കണക്കു പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ ഒരാളാണ് മെസ്സി. 113 കോടി രൂപയോളം ശമ്പള ഇനത്തിലും 116 കോടിയോളം പരസ്യ വരുമാനത്തിലും മെസ്സിക്കു കഴിഞ്ഞ സീസണില്‍ ലഭിച്ചിരുന്നു. 350 മില്യണ്‍ ഡോളറാണ് മെസിയുടെ ആസ്തി. 2000 മുതല്‍ ബാഴ്‌സലോണയില്‍ സ്ഥിര താമസമാക്കിയ മെസിക്ക് 2005ല്‍ സ്പാനിഷ് പൗരത്വം ലഭിച്ചിരുന്നു.

കേസിന്റെ വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നാണ് മറുപടി നല്‍കിയത്. നികുതി വെട്ടിപ്പു നടത്തിയതിന്റെ പേരില്‍ ആരോപണമുയര്‍ന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്‌പെയിനിലെ നികുതി വകുപ്പില്‍ അടച്ചിരുന്നു.