യെമനില്‍ കാര്‍ ബോംബ് സ്‌ഫോടനം: എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: July 6, 2016 2:30 pm | Last updated: July 6, 2016 at 3:19 pm
SHARE

yemenഏദന്‍: യെമനിലെ ദക്ഷിണ തീര നഗരമായ ഏദനില്‍ മിലിട്ടറി ബേസ് ക്യാമ്പിനു സമീപമുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു.സ്‌ഫോടനത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളും സൈനികരും തമ്മില്‍ സ്‌ഫോടനശേഷം ഇവിടെ ഏറ്റുമുട്ടലുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിലിട്ടറി ബേസ് ക്യാമ്പിന്റെ ഗേറ്റിനു പുറത്താണ് രണ്ട് കാറുകള്‍ പൊട്ടിത്തെറിച്ചത് ഇതിന് സമീപം തന്നെയാണ് ഏദന്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

പുറത്തായ പ്രസിഡന്റ് അബ്ദുല്ല സാലിഹിന്റെ പിന്തുണയോടെ ഹൂതികള്‍ സര്‍ക്കാറിനെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിക്ക് തുടക്കം കുറിച്ചത്. ഇതോടെ, രൂക്ഷമായ സംഘര്‍ഷത്തിന് ഇതുവരെ അറുതിയായിട്ടില്ല. 6,400ഓളം പേര്‍ കൊല്ലപ്പെടുകയും 28 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്. നിലവിലെ സര്‍ക്കാര്‍ ഒഴിഞ്ഞ് ഇരുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നാണ് മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെയും ഇറാന്റെയും പിന്തുണയുള്ള ഹൂതി വിഭാഗത്തിന്റെ ആവശ്യം.

എന്നാല്‍, അധികാരം വിട്ടൊഴിയാന്‍ തയാറല്ലെന്ന്് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെയും ഭൂരിപക്ഷം ലോകരാജ്യങ്ങളുടെയും പിന്തുണയുള്ള പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഭാഗം വ്യക്തമാക്കുന്നു. തലസ്ഥാനമായ സന അടക്കമുള്ള പ്രദേശങ്ങള്‍ ഹൂതി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. ദക്ഷിണ തീര നഗരമായ ഏദന്‍ അടക്കം ചില ഭാഗങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ വിഭാഗത്തിന് സ്വാധീനമുള്ളത്.