ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി ഉദ്യോഗസ്ഥൻ മോചിതനായി

Posted on: July 6, 2016 2:03 pm | Last updated: July 7, 2016 at 9:05 am
SHARE

malayali-abducted-by-Libya-militiaട്രിപ്പോളി: ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥന്‍ റെജി ജോസഫ് മോചിതനായി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെജി ജോസഫ് സുരക്ഷിതനാണെന്നും മന്ത്രി അറിയിച്ചു. ലിബിയയിലെ ഇന്ത്യൻ എ‌ംബസി നടത്തിയ നീക്കങ്ങളാണ് റെജിയുടെ മോചനത്തിന് വഴി തുറന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി, എംപിമാർ തുടങ്ങിയവരോട് റെജിയുടെ കുടുംബം സഹായമഭ്യർഥിച്ചിരുന്നു.

പേരാമ്പ്ര ചെമ്പ്രയിലെ കോളോത്തുവയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെ ജോലിസ്ഥലത്ത് നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. റെജിയ്ക്കൊപ്പം മൂന്നു ലിബിയക്കാരെയും സംഘം തട്ടിക്കൊണ്ടുപോയിരുന്നു.

സി.ആര്‍.എ (സിവിലിയന്‍ രജിസ്ട്രേഷന്‍ അഥോറിറ്റി)യുടെ പ്രോജക്ട് ഉദ്യോഗസ്ഥനാണ് റെജി. 2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്ന് 2010ല്‍ നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് 2014ല്‍ റെജിയും കുടുംബവും ലിബിയയിലേക്ക് പോയി. ട്രിപ്പോളിയില്‍ നഴ്സാണ് ഭാര്യ ഷീജ. ജാനിയ, ജോയ്ന, ജോസിയ എന്നിവര്‍ മക്കളാണ്.