കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖപത്രം

Posted on: July 6, 2016 12:45 pm | Last updated: July 6, 2016 at 2:12 pm
SHARE

km maniകോട്ടയം: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി കേരളാ കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന തലക്കെട്ടില്‍ മുഖമാസികയില്‍ എഴുതിയിരിക്കുന്ന മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ തൊടുത്തിരിക്കുന്നത്.

ബിജു രമേശിന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുത്ത രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും പരോക്ഷമായി ലേഖനത്തില്‍ വിമര്‍ശിക്കുന്നു.കപട സൗഹൃദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹ വേദിയില്‍ ഒത്തുകൂടിയവരെ കണ്ടാല്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് പൊതുജനം സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്നുമാണ് ലേഖനത്തിലെ പരിഹാസം. ബാറുടമ ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ കുത്തിയാണ് ലേഖനത്തിലെ വാക്കുകള്‍.

ബിജു രമേശിനെ ഉപജാപക സംഘം പിറകില്‍ നിന്ന് സഹായിച്ചുവെന്നും ഇവര്‍ ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് ഒത്തുകൂടിയെന്നും ലേഖനം ആരോപിക്കുന്നു. ബാര്‍ കോഴ ഉയര്‍ത്തി കെ.എം മാണിയെ കുടുക്കി രാജിവെപ്പിച്ചു. കെബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്താണെന്ന പ്രതീതി ഉണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്ഠി ചുരുട്ടിക്കിട്ടിയ ഇടിയാണെന്നും ലേഖനം പരിഹസിക്കുന്നു.