Connect with us

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് കേസെടുക്കും. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അടുത്ത ആഴ്ച വെള്ളപ്പള്ളിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് വിജിലന്‍സ് തീരുമാനം.

ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തും. 15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്. വെള്ളാപ്പള്ളിയെക്കൂടാതെവെള്ളാപ്പള്ളി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കാനാണ് ആലോചന. വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്‍, പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി. എന്‍. നജീബ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസെടുക്കുന്നത്.

മൈക്രോഫിനാന്‍സ് വഴി 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈക്രോഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് രഹസ്യപരിശോധനയില്‍ കണ്ടെത്തിയതായി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് രഹസ്യപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2003 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 15 കോടി രൂപ എസ്എന്‍ഡിപി യോഗത്തിന് പിന്നോക്ക വികസന കോര്‍പ്പറേഷന് വായ്പ നല്‍കിയെന്നും, വെറും രണ്ട് ശതമാനം പലിശക്ക് നല്‍കുന്ന തുക 18 ശതമാനം പലിശക്ക് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന് നല്‍കിയെന്നും വിഎസിന്റെ ഹരജിയില്‍ ആരോപിക്കുന്നു. അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന് പിന്നോക്ക വികസനകോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് വെള്ളാപ്പള്ളി 12 മുതല്‍ 18 ശതമാനം വരെ പലിശക്ക് പണം നല്‍കിയത്. മാത്രമല്ല വ്യാജമേല്‍വിലാസങ്ങള്‍ നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും 15 കോടി രൂപ തട്ടിയെടുത്തുവെന്നും വിഎസ് ആരോപിച്ചിരുന്നു.

Latest