Connect with us

Kozhikode

പോസ്റ്റുമാന്‍ ഉണ്ണിയേട്ടന് വ്രതശുദ്ധിയോടെ ഇന്ന് ചെറിയ പെരുന്നാള്‍

Published

|

Last Updated

താമരശ്ശേരി:പൂനൂരുകാരുടെ പോസ്റ്റുമേന്‍ ഉണ്ണിയേട്ടന് വ്രതശുദ്ധിയോടെയുള്ള പെരുന്നാള്‍ കാല്‍നൂറ്റാണ്ടിലേക്ക്. 24 വര്‍ഷമായി മുടങ്ങാതെ റമസാനില്‍ നോമ്പനുഷ്ടിക്കുന്ന ചാലുപറമ്പില്‍ ഉണ്ണി എന്ന പോസ്റ്റുമാന്‍ ഉണ്ണിയാണ് ഇരുപത്തി നാലാമത്തെ പെരുന്നാള്‍ ആഘോഷിക്കുന്നത്.

സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും റമസാന്‍ അനുഭവങ്ങളില്‍നിന്നാണ് 24 വര്‍ഷം മുമ്പ് സി പി ഉണ്ണി നോമ്പെടുക്കാന്‍ തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ ചെറിയ ശാരീരിക അശ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കില്‍ പിന്നീട ്വ്രതാനുഷ്ടാനം ജീവിതത്തിന്റെ ഭാഗമായി മാറി.

36 വര്‍ഷമായി ഉണ്ണികുളം സബ് പോസ്‌റ്റോഫീസിലെ പോസ്റ്റുമാനായ ഉണ്ണി നാട്ടുകാര്‍ക്ക് സുപരിചിതനാണ്. പുലര്‍ച്ചെ ലഘു ഭക്ഷണത്തോടെ നോമ്പെടുക്കും. നോമ്പ് തുറക്കുമ്പോള്‍ പ്രധാനമായും പഴ വര്‍ഗങ്ങളാണ് കഴിക്കുന്നത്. ഭാര്യയും മക്കളും നല്‍കുന്ന പൂര്‍ണ പിന്തുണയും അയല്‍വാസികളുടെ പ്രോത്സാഹനവും കാല്‍നൂറ്റാണ്ടുകാലം മുടങ്ങാതെയുള്ള വ്രതാനുഷ്ടാനത്തിന് തുണയേകിയതായി ഉണ്ണി പറയുന്നു. ശാരീരികവും മാനസികവുമായ ഉന്‍മേശത്തിന് നോമ്പ് ഉപകരിക്കുന്നതായും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലമരുന്ന യുവ തലമുറക്ക് വൃതാനുഷ്ടാനം ആശ്വാസമേകുമെന്നാണ് ഉണ്ണിയേട്ടന്‍ പറയുന്നത്. നോമ്പ് തുറപ്പിക്കാനെന്ന പോലെ പെരുന്നാള്‍ സല്‍ക്കാരത്തിലും പോസ്റ്റുമാന്‍ ഉണ്ണിയേട്ടനെ പങ്കെടുപ്പിക്കാന്‍ പൂനൂരുകാര്‍ മത്സരത്തിലാണ്. എല്ലാവരും വേണ്ടപ്പെട്ടവരായതിനാല്‍ പരമാവധി വീടുകളിലെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരാനാണ് ഉണ്ണിയേട്ടന്റെ തീരുമാനം.