ബോംബെ, മദ്രാസ് ഹൈക്കോടതികള്‍ ഇനി മുംബൈ, ചെന്നൈ എന്നീ പേരുകളില്‍

Posted on: July 6, 2016 12:48 am | Last updated: July 5, 2016 at 11:41 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ഹൈക്കോടതികളുടെ പേര് മാറ്റാന്‍ തീരുമാനം. ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേരുകളില്‍ മാറ്റം വരുത്തണമെന്ന് നിയമ മന്ത്രാലയത്തിന്റെ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

സ്ഥലപ്പേരുകള്‍ക്ക് വന്ന മാറ്റം അനുസരിച്ച് ഇരു ഹൈക്കോടതികളുടെയും നാമം മുംബൈ, ചെന്നൈ എന്നിങ്ങനെ മാറ്റണമെന്ന നിര്‍ദേശമാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇന്ത്യന്‍ ഹൈക്കോടതി ആക്ട് പ്രകാരം 1861ല്‍ രൂപവത്കരിച്ച രാജ്യത്തെ പഴക്കംചെന്ന കോടതിയായ ബോംബെയും മദ്രാസും ഇതാദ്യമായാണ് പേര് മാറ്റത്തിന് വിധേയമാകുന്നത്.
1990 മുതല്‍ ഇരു പട്ടണങ്ങളുടെയും പേര് മാറിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രിസഭക്ക് മുന്നില്‍ മന്ത്രാലയം നിര്‍ദേശം മുന്നോട്ടുവെച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പേര് മാറ്റത്തിന് അനുമതി നല്‍കിയകാര്യം വ്യക്തമാക്കിയത്. കൊല്‍ക്കത്തയടക്കം മൂന്ന് ഹൈക്കോടതികളുടെ പേരുകള്‍ മാറുമെന്നാണ് മന്ത്രി അറിയിച്ചതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തില്‍ കൊല്‍ക്കത്തയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ടുള്ള വിശദീകരണമില്ല.