Connect with us

Editorial

എവിടേക്കാണ് ഇവര്‍ രാജ്യത്തെ നയിക്കുന്നത്?

Published

|

Last Updated

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി വി ഐ പികള്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു സുരക്ഷ ഒരുക്കാറുണ്ട്. ഹരിയാന സര്‍ക്കാര്‍ ഇനി സംസ്ഥാനത്തെ റോഡുകളില്‍ ഉടനീളം അത്തരം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയാണത്രേ; ഇത് പക്ഷേ നേതാക്കളുടെ സുരക്ഷക്കല്ല. പശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് മാത്രം. പശുവിനെ ആരെങ്കിലും കടത്തിക്കൊണ്ടു പോകുന്നത് തടയാനായി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു പരിശോധന നടത്തുമെന്ന് ഹരിയാന ഡി ജി പി. കെ പി സിംഗാണ് അറിയിച്ചത്. ഹരിയാനയില്‍ പശുക്കളെ കടത്തുന്നതോ കൊല്ലുന്നതോ പോലൂള്ള സംഭവങ്ങള്‍ നടന്നാല്‍ വിവരം അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ ഉടനെ പോലീസിന് വിവരം കൈമാറും. തടയാനായി പോലീസ് പ്രദേശത്തേക്ക് പ്രത്യേക സംഘത്തെ അയക്കും. ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷം ഗോവംശ സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ധന നിയമം പാസാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ നടപടികളെല്ലാം. പശുക്കടത്ത് നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.

സംഘ്പരിവാറിന് ഇപ്പോള്‍ പശുവാണ് മുഖ്യ വി വി ഐ പി. പശു സംരക്ഷണമാണ് ഒന്നാമത്തെ അജന്‍ഡ. പശുവിനെ അപമാനിച്ചെന്നോ അക്രമിച്ചെന്നോ കടത്തിക്കൊണ്ടു പോയെന്നോ കേട്ടാല്‍ പിന്നെ സംഘികള്‍ക്ക് സഹിക്കില്ല. കേവലമൊരു കേട്ടുകേള്‍വിയോ സന്ദേഹമോ മതി, കലി തുള്ളി അവര്‍ രംഗത്ത് വരും. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ച ആട്ടിറച്ചി പശുവിറച്ചിയാണെന്ന സന്ദേഹത്തിന്റെ പേരിലാണല്ലോ അദ്ദേഹത്തെ അവര്‍ തല്ലിക്കൊന്നത്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സംസ്ഥാനത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പശുവിനെ കൊണ്ടുപോകുകയായിരുന്ന ലോറി ഡ്രൈവറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് വേദങ്ങള്‍ കല്‍പ്പിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യം ഈ കൊടുംക്രൂരതകളെ ന്യായീകരിക്കുകയും ചെയ്യുന്നു.

പൗരാണിക ഇന്ത്യയില്‍ യാഗങ്ങളില്‍ നൂറുകണക്കിന് പശുക്കളെ ബലിയറുത്തു കൊണ്ട് ഗോവധം പുണ്യകര്‍മമാണെന്നു പഠിപ്പിച്ചു തന്നത് ഹൈന്ദവ ആചാര്യന്മാരായിരുന്നു. അക്കാലത്ത് മൃഗബലി ഹിന്ദു മതകര്‍മങ്ങളിലെ അവിഭാജ്യ ഘടകവുമായിരുന്നു. ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ ഡി എന്‍ ഝാ ഉള്‍പ്പെടെ പലരും ഗവേഷണ പഠനത്തിലൂടെ അക്കാലത്ത് ഗോഹത്യ നടന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചു കൊണ്ടാണ് സംഘ്പരിവാര്‍ പശു സംരക്ഷകരായി രംഗത്തു വരുന്നതും ഇതെച്ചൊല്ലി മനുഷ്യരെ തല്ലിക്കൊല്ലുന്നതും.

പശുവിന്റെ വില പോലുമില്ല മനുഷ്യര്‍ക്കെന്ന് ഏത് വേദമാണ് പറയുന്നത്? അഞ്ഞൂറ് കാളകളെയും അഞ്ഞൂറ് പശുക്കളെയും അഞ്ഞൂറ് പശുക്കുട്ടികളെയും ഒന്നിച്ചു ബലിയറുത്ത് ആര്യബ്രാഹ്മണര്‍ നടത്തിയ വന്‍ യാഗങ്ങളെക്കുറിച്ചു വേദഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. കേന്ദ്രത്തില്‍ മോദിയാണ് ഭരണത്തിലെന്ന ഹുങ്കില്‍ ഭ്രാന്തമായ ആവേശത്തോടെയാണ് സംഘ്പരിവാര്‍ അവരുടെ വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പെരുകുന്ന സ്ത്രീപീഡനം, കര്‍ഷക ആത്മഹത്യ, കുട്ടികളുടെ തിരോധാനം, മനുഷ്യക്കടത്ത്, ദളിതരുടെ ദുരവസ്ഥ തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്ത്രീപീഡനവും ബലാത്സംഗവും രാജ്യത്ത് ഭീതിതമാംവിധം വര്‍ധിക്കുകയാണ്.

ബലാത്സംഗത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. വിദേശ സഞ്ചാരികളായ സ്ത്രീകളടക്കം രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെയും രാജ്യത്തെ ടൂറിസം വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

കര്‍ഷക ആത്മഹത്യ വര്‍ധിക്കുകയാണെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് നാല് ലക്ഷം കര്‍ഷകര്‍ ജീവനൊടുക്കിയെന്നും കഴിഞ്ഞ വര്‍ഷം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രസ്താവിച്ചത് പ്രവീണ്‍ തെഗാഡിയയാണ്. ഇന്ത്യയിലെ ഓരോ കര്‍ഷകനും 4,100 രൂപയുടെ കടക്കാരനാണെന്നും അദ്ദേഹം പറയുകയുണ്ടായി. രാജ്യത്തെ മുഖ്യ അധോലോക ബിസിനസ്സായി മാറിക്കഴിഞ്ഞിട്ടുണ്ട് മനുഷ്യക്കടത്ത്. സ്ത്രീകളെയും കുട്ടികളെയും വിദേശങ്ങളിലേക്കും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുമായി വന്‍തോതിലാണ് സെക്‌സ്‌റാക്കറ്റുകള്‍ കടത്തുന്നത്.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിക്കുന്ന ദളിതരുടെയും ചേരിനിവാസികളുടെയും എണ്ണവും വന്‍തോതില്‍ വര്‍ധിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയരുകയാണ്. അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ പരിഹാരം കാത്തുകിടക്കുമ്പോഴാണ് സംഘ്പരിവാറും അവരുടെ സര്‍ക്കാറുകളും വിചിത്രമായ മുറകളിലൂടെ ഗോ സംരക്ഷണം മുഖ്യഅജന്‍ഡയാക്കുന്നതും അപ്പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്നതും. എവിടേക്കാണ് ഇവരുടെ പോക്ക്? വേദകാലത്തെ ഇരുണ്ട യുഗത്തിലേക്ക് രാജ്യത്തെ തിരിച്ചു നടത്തുകയാണോ ഇവര്‍?

Latest