Connect with us

Kerala

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കും

Published

|

Last Updated

കൊച്ചി: നഗരത്തിലെ ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോ റെയിലില്‍ ജോലി നല്‍കാന്‍ കെ എം ആര്‍ എല്‍ സന്നദ്ധത അറിയിച്ചു. ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയുടെ ഹൗസ് കീപ്പിംഗ്, തിരക്ക് നിയന്ത്രണം, ഉപഭോക്ത സേവനം എന്നീ മേഖലകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ഭിന്നലിംഗക്കാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതായി കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ഐ എ എസും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. ഇതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണറോട് മെട്രോ എം ഡി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ ആമോസ് മാമ്മനെ ചുമതലപ്പെടുത്തിയതായി കമ്മീഷണര്‍ അറിയിച്ചു.

കൊച്ചി നഗരത്തിലെ ഭിന്നലിംഗക്കാര്‍ സാമൂഹിക ജീവിതത്തിന് ഭീഷണിയായി മാറുന്നുവെന്ന ആക്ഷേപം ഉയരുകയും ഭിന്നലിംഗക്കാര്‍ക്കെതിരായ സമൂഹത്തിന്റെ അവഗണനയുടെയും പോലീസ് അതിക്രമങ്ങളുടെയും പേരില്‍ സ്വവര്‍ഗാനുരാഗികള്‍ സംഘടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നിര്‍ദേശവുമായി കെ എം ആര്‍ എല്‍ മുന്നോട്ടു വന്നിരിക്കുന്നത്.
നഗരത്തില്‍ ഭിന്നലിംഗക്കാരായ 128 പേര്‍ ഉളളതായാണ് പോലീസിന്റെ പക്കലുള്ള കണക്ക്. ഇവരില്‍ ഏറെയും തൊഴില്‍ രഹിതരും സമൂഹത്തില്‍ നിന്ന് അവഗണന നേരിടുന്നവരുമാണ്. കഴിഞ്ഞ ദിവസം പോലീസ് അതിക്രമത്തിനെതിരെ ഭിന്നലിംഗക്കാര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ ഉന്നയിക്കപ്പെട്ട പ്രധാന പരാതി തൊഴിലില്ലായ്മയും അതിന്റെ ഭാഗമായുള്ള സാമൂഹിക സുരക്ഷിതത്വമില്ലായ്മയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മെട്രോ റെയില്‍ ലിമിറ്റഡും സിറ്റി പോലീസും ചേര്‍ന്ന് ഇക്കൂട്ടരെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങുന്നത്. മെട്രോയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ വിദഗ്ധ പരിശീലനം സിറ്റി പോലീസ് നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.