Connect with us

Gulf

മഴയില്‍ കുതിര്‍ന്ന് സലാല; സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

Published

|

Last Updated

മസ്‌കത്ത്: സലാല ടൂറിസം ഫെസ്റ്റിവലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഴയില്‍ കുതിര്‍ന്ന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സലാല ഒരുങ്ങി. നേരിയതാണെങ്കിലും ഇടതടവില്ലാത്ത മഴ സലാലയുടെ മണ്ണിനും സാഞ്ചാരികള്‍ക്കും കുളിര് സമ്മാനിക്കുകയാണ്. ജി സി സിയടക്കമുള്ള രാജ്യങ്ങളില്‍ ചൂട് ശക്തമാകുമ്പോള്‍ സലാലയിലെ തണുപ്പ് ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് ഈ ചാറ്റല്‍ മഴ ഏറെ ആസ്വാദ്യകരമായിരിക്കുകയാണ്. ജി സി സി രാജ്യങ്ങളില്‍ നിന്നും ഒമാനിലെ മസ്‌കത്ത് അടക്കമുള്ള മേഖലയില്‍ നിന്നുമാണ് സലാലയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്.

സലാലയിലെ ഉയര്‍ന്ന ഊഷ്മാവ് 26ഉം കുറഞ്ഞ ഊഷ്മാവ് 24ഉം ആണെന്നിരിക്കെ മസ്‌കത്ത്, സീബ്, സൊഹാര്‍ അടക്കമുള്ള മേഖലയില്‍ സലാലയിലുള്ളതിനേക്കാള്‍ നേരെ ഇരട്ടിയോളമാണ് താപനില. സലാലക്ക് പുറമെ ജബല്‍ അഖ്ദര്‍, ജബല്‍ ശംസ് തുടങ്ങിയ ചുരുങ്ങിയ മേഖലയില്‍ മാത്രമാണ് ആസ്വാദ്യകരമായ താപനിലയുള്ളത്.
മഴ ശക്തമായതോടെ സലാലയിലെ വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞു.
സഞ്ചാരികളുടെ വരവ് ആരംഭിച്ചതിനാല്‍ ഗാതാഗത നിയന്ത്രണങ്ങളും മറ്റും ഏര്‍പ്പെടുത്തി റോഡുകളിലെ തടസ്സങ്ങള്‍ നീക്കാന്‍ ദോഫാര്‍ ഗവര്‍ണറേറ്റ് മേധാവികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാദികള്‍ നിറഞ്ഞുകവിയുമ്പോഴുണ്ടാകുന്ന ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ക്കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്.
പെരുന്നാള്‍ ദിവസങ്ങള്‍ സലാലയില്‍ ആഘോഷിക്കാന്‍ ഇതിനികം നിരവധി സഞ്ചാരികള്‍ സലാലയില്‍ എത്തിയിട്ടുണ്ട്. വാദി ദര്‍ബാത്തിലും മറ്റും വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സഞ്ചാരികളെ സ്വീകരിക്കാന്‍ സലാലയിലെ കച്ചവടക്കാരും ഒരുങ്ങിയിട്ടുണ്ട്. തങ്ങളുടെ ബിസിനസിലെ ഏറ്റവും നിര്‍ണായക കാലഘട്ടമായതിനാല്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളാണ് പല കടകളിലും നടന്നത്. സഞ്ചാരികളെ ആകര്‍ഷിപ്പിക്കാന്‍ വ്യത്യസ്തമായതും പുതിയതുമായ ഉത്പന്നങ്ങള്‍ കടയുടമകള്‍ ഒരുക്കിയിട്ടുണ്ട്. വ്യാപാരികളുടെ ഇടയില്‍ മലയാളികളുടെ സാന്നിധ്യവും ഏറെ ശ്രദ്ധേയമാണ്.
പെരുന്നാളിനോടുബന്ധിച്ച് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കുന്നതോടെ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സലാലയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നാണ് ഔദ്യോഗിക വക്താക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവിശ്യത്തെ ഖരീഫ് ഫെസ്റ്റിവലില്‍ ജനത്തിരക്ക് കൂടുതലായിരിക്കുമെന്ന് നേരത്തെ ദോഫാര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഈ മാസം 15ന് ആരംഭിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവല്‍ മുന്‍വര്‍ശങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ഇതിന്നായുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്. സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചകള്‍ സമ്മാനിക്കാനും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനും നേരത്തെ തന്നെ അധികൃതര്‍ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത കച്ചവടക്കാരടക്കമുള്ളവരുടെ പ്രധാന സീസണ്‍ കൂടിയായതിനാല്‍ വിപണിയിലും നല്ല പ്രതീക്ഷയാണുള്ളത്.

Latest