പെരുമാള്‍ മുരുകന്റെ പുസ്തകം ‘മാതൊരുഭാഗന്‍’ പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

Posted on: July 5, 2016 6:28 pm | Last updated: July 5, 2016 at 6:28 pm
SHARE

perumal muruganചെന്നൈ: തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ പുസ്തകം ‘മാതൊരുഭാഗന്‍'(അര്‍ദ്ധനാരീശ്വരന്‍) പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. നോവലിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിച്ച് മാപ്പു പറയാന്‍ പെരുമാള്‍ മുരുകനോട് ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ്‌കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. എഴുത്തുകാരന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് എഴുത്തുകാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്.

മതവികാരത്തെ അവഹേളിച്ചു എന്നാരോപിച്ച് മുരുകനെതിരെ ക്രമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. പെരുമാള്‍ മുരുകനോട് മാപ്പ് പറയനാവശ്യപ്പെട്ട സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് 2015 ജനവരി 12 ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.തന്റെ എല്ലാ പുസ്തകളും പിന്‍വലിക്കാമെന്നും സാഹിത്യജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇടയാക്കി. മാതൊരുഭാഗനിലെ പരാമര്‍ശങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദു സംഘടനകളാണ് പ്രതിഷേധം പ്രതിഷേധം അഴിച്ചുവിട്ടത്.