ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും യു എ ഇ നിവാസികള്‍ ഒരു ദിവസം ചെലവിടുന്നത് അഞ്ച് മണിക്കൂര്‍

Posted on: July 5, 2016 3:04 pm | Last updated: July 5, 2016 at 3:04 pm
SHARE

facebookദുബൈ: യു എ ഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിലെ വലിയൊരു ഭാഗം സമയം സാമൂഹിക മാധ്യമങ്ങള്‍ കവരുന്നതായി പഠനം. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ സമയം ചെലവഴിക്കുന്നത്. റെസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലുമെത്തുന്ന യുവതീ യുവാക്കള്‍ മൊബൈല്‍ ഫോണുകളില്‍ ഫോട്ടോയെടുക്കുകയും തത്സമയം തന്നെ സാമൂഹിക മാധ്യമങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അതാത് സമയങ്ങളില്‍ തന്നെ സ്റ്റാറ്റസായി സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റു ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ യു എ ഇ താമസക്കാര്‍ മുന്നിലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രാജ്യത്തെ താമസക്കാര്‍ ഒരു ദിവസം ശരാശരി അഞ്ചു മണിക്കൂറാണ് ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും പോസ്റ്റുകള്‍ ബ്രൗസ് ചെയ്യാനും തങ്ങളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും ചെലവഴിക്കുന്നത്. മാര്‍ക്കറ്റ് റിസര്‍ച് മേഖലയിലെ പ്രമുഖരായ യു ഗവ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ 5,000 താമസക്കാരെ കേന്ദ്രീകരിച്ചാണ് സര്‍വേ നടത്തിയത്. പത്തില്‍ എട്ടു പേരും ഒരാഴ്ചയില്‍ മിക്ക സമയങ്ങളിലും പതിവായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം ആളുകളാണ് ജീവിതത്തിലെ വലിയൊരു സമയവും ഫെയ്‌സ്ബുക്കില്‍ ചെലവഴിക്കുന്നത്. ഫെയ്‌സ്ബുക്ക് കഴിഞ്ഞാല്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ പേര്‍ സമയം കൊല്ലുന്നത് യു ട്യൂബിലാണ്, 58 ശതമാനം. മൂന്നാം സ്ഥാനത്തുള്ള ലിങ്ക്ട് ഇന്‍ ഉപയോഗിക്കുന്നവര്‍ 26 ശതമാനമാണ്. ഫഌക്കര്‍, ഫോര്‍സ്‌ക്വയര്‍, റെഡ്ഡിറ്റ്, ടംബ്ലര്‍ എന്നീ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നില്ലെങ്കിലും ഇടക്കിടെയെങ്കിലും ഇവകളില്‍ സമയം ചെലവഴിക്കുന്നവരുമുണ്ട്. രണ്ട് ശതമാനത്തില്‍ താഴെ താമസക്കാരാണ് ഇവ പ്രയോജനപ്പെടുത്തുന്നത്.
യു എ ഇ സ്ഥിരതാമസക്കാരുടെ ജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെയാണ് അവിഭാജ്യ പങ്കുവഹിക്കുന്നതെന്നാണ് സര്‍വേ കൊണ്ട് ലക്ഷ്യംവെച്ചതെന്ന് യു ഗവ് കണ്‍സ്യൂമര്‍ റിസര്‍ച് ഡയറക്ടര്‍ നിഹാല്‍ ഹസ്സന്‍ ജെയ്ബൂരി പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നതിനും പ്രധാന വിവരങ്ങള്‍ കൈമാറാനും അറിയുന്നതിനുമായാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയത്.
18നും 35നും ഇടക്ക് പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ സമയം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞുകൂടുന്നത്. രണ്ടു മുതല്‍ ആറു മണിക്കൂര്‍ വരെയാണ് ഇവര്‍ ഇതിനായി ചെലവിടുന്നത്. 36 മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ പ്രതിദിനം 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് സാമൂഹിക മാധ്യമങ്ങളിലിരിക്കുന്നത്.
ഒരാഴ്ചയില്‍ നിരവധി തവണ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമം ഫെയ്‌സ്ബുക്ക് (63 ശതമാനം) ആണ്. രണ്ടാം സ്ഥാനത്തുള്ള ജനപ്രിയ മാധ്യമം യു ട്യൂബു (14 ശതമാനം)മാണ്.
58 ശതമാനം ആളുകളും വ്യക്തിപരമായ ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്. 39 ശതമാനം പേര്‍ക്ക് സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് താത്പര്യം. തങ്ങളുടെ ഓണ്‍ലൈന്‍ സൗഹൃദ വലയത്തിലുള്ളവരുമായി വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കാനാണ് 36 ശതമാനം പേരും ഇഷ്ടപ്പെടുന്നത്.
വൈറല്‍ വീഡിയോകളും വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നവര്‍ 35 ശതമാനമാണ്. 34 ശതമാനം ആളുകള്‍ സ്‌നാപ് ചാറ്റിലൂടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നു. ട്വിറ്റര്‍ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ 24 ശതമാനമാണ്. 21 ശതമാനം പേര്‍ യു ട്യൂബ് വീഡിയോകളും ഷെയര്‍ ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വളരെ സഹായകരവും ബ്രാന്‍ഡുകളെയും ഉത്പന്നങ്ങളെയും കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങള്‍ കണ്ടെത്താനും കഴിയുന്നതാണെന്ന് 41 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നതിലൂടെ ദീര്‍ഘദൂര ഫോണ്‍ വിളികളുടെ പണം ലാഭകരമാണെന്ന് ദുബൈയിലെ പ്രവാസിയായ മരിയ പറഞ്ഞു. ഒരു ദിവസം രണ്ടു മണിക്കൂറാണ് മരിയ ഫെയ്‌സ്ബുക്കില്‍ ചെലവിടുന്നത്. സ്‌നേഹിതരുമായും വീട്ടുകാരുമായും ഏതു സമയവും ബന്ധപ്പെടാന്‍ കഴിയുന്ന ഉപകാരപ്രദമായ ഒന്നാണ് ഫെയ്‌സ്ബുക്കെന്ന് മറ്റൊരു പ്രവാസി താമസക്കാരി സിന്തിയ പറഞ്ഞു. ദിവസേന ഒരു മണിക്കൂറാണ് സിന്തിയ ഫെയ്‌സ്ബുക്കില്‍ ചെലവിടുന്നത്.