ദുബൈയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പദവികള്‍ ഉയര്‍ത്തി

Posted on: July 5, 2016 3:02 pm | Last updated: July 5, 2016 at 3:02 pm
SHARE
ദുബൈ പോലീസ് മേധാവി  ലഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന
ദുബൈ പോലീസ് മേധാവി
ലഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പോലീസില്‍ വിവിധ ഉന്നതോദ്യോഗസ്ഥരടക്കം 2,700 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവിട്ടു. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ദുബൈ പോലീസ് ജനറല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് ദഇന്‍ അല്‍ ഖംസി എന്നിവരെ ലഫ്.ജനറല്‍ പദവിയിലേക്കുയര്‍ത്തി. കമ്മീഷന്‍ഡ്, നോണ്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരാണ് സ്ഥാനക്കയറ്റം നല്‍കിയവരില്‍ ഉള്‍പെട്ടിട്ടുള്ളത്. കേണല്‍ പദവിയിലുള്ള 28 പേരെ ബ്രിഗേഡിയര്‍ പദവിയിലേക്കും ലഫ്. കേണല്‍ പദവിയിലുള്ള 23 പേരെ കേണല്‍ പദവിയിലേക്കും 55 മേജര്‍ പദവിയിലുള്ളവരെ ലഫ്.കേണല്‍ പദവിയിലേക്കും സ്ഥാനക്കയറ്റം നല്‍കി. 83 ഉദ്യോഗസ്ഥരെ ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് മേജര്‍മാരായും ഫസ്റ്റ് ലഫ്. ഉദ്യോഗസ്ഥരായ 115 പേരെ ക്യാപ്റ്റന്‍ പദവിയിലേക്കും 216 ലഫ്റ്റനന്റ് ഉദ്യോഗസ്ഥരെ ഫസ്റ്റ് ലഫ്. റാങ്കിലേക്കും ഉയര്‍ത്തി.
റാങ്ക് ഉയര്‍ത്തിയത് മുന്‍നിര്‍ത്തി ശൈഖ് മുഹമ്മദിന് ലഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന കൃതജ്ഞത രേഖപ്പെടുത്തി. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. പൊതുജനങ്ങളുടെ സംതൃപ്തി നേടുന്നതിന് മികച്ച രീതിയില്‍ പോലീസ് വൃത്തങ്ങളെ കാര്യക്ഷമമാക്കുവാന്‍ അദ്ദേഹം ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. കര്‍ത്തവ്യത്തിലെ സമര്‍പണ ബോധത്തിനും ഉന്നത സ്ഥാന ലബ്ധിക്കും ലഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ലഫ്. ജനറല്‍ മുഹമ്മദ് അല്‍ ഖംസി എന്നിവരെ ദുബൈ പോലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പ്രകീര്‍ത്തിച്ചു.