Connect with us

Gulf

ഈദ് അവധി; സുരക്ഷക്ക് കൂടുതല്‍ ക്യാമറകളും ഹെലികോപ്റ്ററുകളും

Published

|

Last Updated

റാസല്‍ ഖൈമ: ഈദ് അവധി ദിനങ്ങളിലെ സുരക്ഷ മുന്‍നിര്‍ത്തി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍, ഹെലികോപ്റ്ററുകള്‍, ഫഌയിംഗ് സ്‌ക്വാഡുകള്‍ എന്നിവയെ വിന്യസിക്കുമെന്ന് റാക് പോലീസ് അധികൃതര്‍ അറിയിച്ചു.
ഈദ് അവധി ദിനങ്ങളില്‍ പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ എമിറേറ്റിലെ വിവിധ പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 40ഓളം അധിക പട്രോള്‍ സംഘത്തെ വിന്യസിക്കുമെന്ന് റാക് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ ഉല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
ഈദ് ഗാഹുകള്‍, എമിറേറ്റിലെ പ്രധാന അറവുശാലകള്‍, പൊതു ഉദ്യാനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനും അത്യാഹിതങ്ങളെ അടിയന്തരമായി നേരിടുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് വിഭാഗത്തെ വിന്യസിക്കും.
നാഷണല്‍ ആംബുലന്‍സ് ഡിപ്പാര്‍ടുമെന്റുമായി സഹകരിച്ച് അപകടങ്ങളെ നേരിടുന്നതിന് ആംബുലന്‍സ് സേവനം വിവിധയിടങ്ങളില്‍ ഏര്‍പെടുത്തും. നഗരത്തിന്റെ ഉള്‍റോഡുകളും ഹൈവേകളും ദിവസം മുഴുവന്‍ നിരീക്ഷണ ക്യാമറകളാല്‍ നിയന്ത്രണത്തിലാക്കും. ആഘോഷങ്ങള്‍ക്കിടയില്‍ അനധികൃത പ്രവര്‍ത്തികളെ പ്രത്യേക സംഘം നിരീക്ഷിക്കും. അവധി ദിനങ്ങളില്‍ പോലീസിന്റെ സെന്‍ട്രല്‍ ഓപറേഷന്‍ റൂം എമിറേറ്റ്‌സിലെ ഏത് സ്ഥിതിവിശേഷവും കൈകാര്യം ചെയ്യുന്നതിന് സുസജ്ജമായിരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് തത്സമയം പ്രതിവിധി നല്‍കാന്‍ ഓപറേഷന്‍ റൂം സുസജ്ജമാണെന്ന് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ ഉല്‍വാന്‍ അല്‍ നുഐമി അറിയിച്ചു.
കരിമരുന്ന് ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍നിന്ന് കുട്ടികളെ രക്ഷിതാക്കള്‍ തടയണം. ഈദ് ആഘോഷങ്ങള്‍ പന്തയത്തിനോ മറ്റുള്ളവരെ ശല്യപ്പെടുത്തി കരിമരുന്ന് ഉപയോഗങ്ങള്‍ക്കോ ഉള്ളതല്ല. എല്ലാവര്‍ക്കും ഒരുപോലെ സമാധാനപൂര്‍ണമായി ആഘോഷിക്കാനുള്ളതാണ്. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ അനുവദിച്ച ഇടങ്ങള്‍ മാത്രം ഉപയോഗിക്കണം. കുട്ടികള്‍ ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിരീക്ഷിക്കണം. മുതിര്‍ന്നവര്‍ സ്വരക്ഷക്ക് ലൈഫ് ജാക്കറ്റുകള്‍ ധരിക്കണം. ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുന്നവരെയും ജറ്റ് സ്‌കൈസ്, വാട്ടര്‍ ബൈക്ക് സവാരിക്കാരേയും വിദഗ്ധ സംഘങ്ങളുടെ മറൈന്‍ റസ്‌ക്യൂ വിഭാഗം തീരങ്ങളില്‍ നിരീക്ഷിക്കും.
നാല് ഹെലികോപ്റ്റര്‍ അടങ്ങിയ എയര്‍വിംഗ് വിഭാഗം നഗരത്തിന്റെ ഏതുകോണിലേയും അടിയന്തര ഘട്ടങ്ങളെ നേരിടുന്നതിന് സദാ സേവന സന്നദ്ധമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest