കുലുക്കല്ലൂര്‍ പഞ്ചായത്ത്: യോഗത്തിനെത്തിയത് പഞ്ചായത്ത് പ്രസിഡന്റും ബി ജെ പി അംഗവും മാത്രം

Posted on: July 5, 2016 2:18 pm | Last updated: July 5, 2016 at 2:18 pm
SHARE

pal-kulukkallurകൊപ്പം: കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബോര്‍ഡ് യോഗത്തിനെത്തിയത് പഞ്ചായത്ത് പ്രസിഡന്റും ബി ജെ പി അംഗവും മാത്രം. യു ഡി എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ സ്വന്തം പാര്‍ടി അംഗങ്ങളും എല്‍ ഡി എഫ് അംഗങ്ങളുമാണ് മീറ്റിംഗില്‍ നിന്നും വിട്ടു നിന്നത്. ഇന്നലെ രാവിലെ 10ന് ചേരേണ്ടിയിരുന്ന യോഗത്തില്‍ എല്‍ ഡി എഫിലെ ആറ് അംഗങ്ങളും വിട്ടു നിന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീനും ബി ജെ പി അംഗം പ്രസാദുമാണ് യോഗത്തിനെത്തിയത്. യു ഡി എഫിലെ ഒമ്പത് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കച്ചത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണെന്ന് വലതു മുന്നണി നേതാക്കള്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി മുഹമ്മദ് നൂറുദ്ദീന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസ്തംഭനത്തിലാണ്.
യു ഡി എഫിലെ അധികാര വടംവലിമൂലം പഞ്ചായത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനോ പദ്ധതിനിര്‍വ്വഹണം നടത്താനോ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സി പി എം മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി. തന്നെയുമല്ല ഗ്രാമസഭകള്‍ ചേര്‍ന്നിട്ടില്ല. കൃത്യമായി ഭരണസമിതിയോഗംപോലും ചേരാന്‍ കഴിയാത്ത അവസ്ഥയാണ് കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത് എന്നും സി പി എം മെമ്പര്‍മാര്‍ പറഞ്ഞു.
ഇന്നലെ വിളിച്ചു ചേര്‍ന്ന ഭരണസമിതി യോഗം യു ഡി എഫിലെ ഒമ്പത് അംഗങ്ങളും ബഹിഷ്‌കരിച്ചതോടെ ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തിരിഞ്ഞു പോരടിക്കുകയാണ്. യോഗം ചേരാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് സി പി എം മെമ്പര്‍മാര്‍ പഞ്ചായത്തില്‍ കുത്തിയിരുപ്പു സമരവും നടത്തി. എന്നാല്‍ കോണ്‍ഗ്രസ്സുകാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീനെതിരെ യു ഡി എഫിലെ ഒമ്പത് അംഗങ്ങളും ചേര്‍ന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പതിനേഴ് വാര്‍ഡുകളുള്ള കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പത്ത് അംഗങ്ങളോടെയാണ് യു ഡി എഫ് അധികാരത്തില്‍ വന്നത്. തുടക്കം മുതല്‍ തന്നെ യുഡിഎഫ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ പ്രസിഡണ്ടായത് എന്നാല്‍ യു ഡി എഫ് അംഗങ്ങളുടെ കൂട്ടുത്തര വാദിത്വമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് നൂറുദ്ദീന്‍ പറഞ്ഞു.