താനൂരിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം

Posted on: July 5, 2016 10:03 am | Last updated: July 5, 2016 at 10:03 am
SHARE
കടലാക്രമണത്തെ തുടര്‍ന്ന് കടലെടുക്കുന്ന ഉണ്യാലിലെ തീരപ്രദേശം വി അബ്ദുര്‍റഹിമാന്‍ എം എല്‍ എ സന്ദര്‍ശിക്കുന്നു
കടലാക്രമണത്തെ തുടര്‍ന്ന് കടലെടുക്കുന്ന ഉണ്യാലിലെ തീരപ്രദേശം വി അബ്ദുര്‍റഹിമാന്‍ എം എല്‍ എ സന്ദര്‍ശിക്കുന്നു

താനൂര്‍: നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പുതിയ കടപ്പുറം ഉണ്യാല്‍ ഭാഗങ്ങളില്‍ കടലാക്രണം രൂക്ഷമായി. കാലവര്‍ഷം കനത്തതോടെ കലിയടറങ്ങാത്ത കടല്‍ 30 മീറ്ററോളം കരവിഴുങ്ങി. പ്രദേശത്തെ നിരവധി തെങ്ങുകള്‍ കടപുഴകി വീണു. മാത്രമല്ല ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ദിശ കാണിക്കുന്ന ദിശാവിളക്കുകളും ഏതു നിമിഷവും നിലം പൊത്താവുന്ന അഴസ്ഥയിലായിട്ടുണ്ട്.
പ്രദേശത്തെ നിരവധി പേര്‍ ഇതിനോടൊകം ബന്ധുവീടുകളില്‍ അഭയംതേടി. ഉണ്യാല്‍ പുതിയ കടപ്പുറം മേഖലയില്‍ 400 മീറ്റര്‍ കരയിടിഞ്ഞിട്ടുണ്ട്. ട്രോളിംഗ് നിരോധനമായതിനാല്‍ കടലില്‍ പോകാറുള്ള ചെറുവള്ളങ്ങള്‍ക്കു പോലും ഇപ്പോള്‍ കടലിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ പ്രദേശമാകെ മരവിച്ച് നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഉണ്യാല്‍ പുതിയ കടപ്പുറം മേഖലയില്‍ കടല്‍ഭിത്തി ഇല്ലാത്തതുകാരണമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായിരിക്കുന്നത്. ചെറിയപെരുന്നാള്‍ ദിനത്തില്‍ മറ്റു വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണുള്ളത്.
പ്രദേശവാസികള്‍ ഒഴിഞ്ഞുപോകാത്ത വീടുകളില്‍ ഭീതിയോടെയാണ് ജീവിതം നയിക്കുന്നത്. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങള്‍ താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനവേളയിലുണ്ടായിരുന്നു. പ്രദേശത്ത് വേണ്ട മുന്‍ കരുതലെടുക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും റവന്യൂ വകുപ്പ് ജീവനക്കാര്‍ നിര്‍ദേശം നല്‍കി.