Connect with us

Malappuram

കാലവര്‍ഷം; കുംഭാര കോളനി നിവാസികള്‍ ദുരിതത്തില്‍

Published

|

Last Updated

എടവണ്ണ: കാലവര്‍ഷം ആരംഭിച്ചതോടെ കുംഭാര കോളനി വാസികള്‍ ദുരിതത്തില്‍. കുലത്തൊഴില്‍ നിത്യവൃത്തിയാക്കിയ കോളനിവാസികളാണ് ശക്തമായ മഴയില്‍ ദുരിതത്തിലായത്. എടവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നൂറിലധികം കുടുംബങ്ങളാണ് മണ്‍പാത്രനിര്‍മാണം ജീവിത മാര്‍ഗമായി സ്വീകരിച്ച് പോരുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ മണ്‍പാത്രങ്ങള്‍ ചൂളവെച്ച് ഉണക്കാന്‍ സാധിക്കുന്നില്ല.
ഓലഷെഡ് കൊണ്ടുണ്ടാക്കിയ കുടിലിലാണ് ഇപ്പോഴും പല സ്ഥലങ്ങളിലും നിര്‍മാണ പ്രവൃത്തി നടക്കുന്നത്. അധികൃതരില്‍ നിന്ന് യാതൊരു വിധ സഹായവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മണ്‍പാത്രം നിര്‍മാണത്തിന് ടിപ്പര്‍ലോറിക്ക് ലോഡ് ഒന്നിന് 20000 രൂപ നല്‍കിയാണ് കളിമണ്ണ് കൊണ്ടുവരുന്നത്. ഇത് നല്ലവണ്ണം ചവിട്ടി അരച്ചതിന് ശേഷമാണ് മണ്‍പാത്ര നിര്‍മാണത്തിന് സജ്ജമാക്കുന്നത്. ഇത്തരത്തിലുണ്ടാക്കുന്ന പാത്രങ്ങള്‍ ചൂളവെച്ച് ഉണക്കിയെടുക്കണം. മഴക്കാലമായതിനാല്‍ ഇത് ഉണങ്ങാന്‍ തന്നെ ദിവസങ്ങളെടുക്കും. വൈക്കോല്‍, ചകിരി, വിറക്, മണല്‍ തുടങ്ങിയവയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത്തരത്തിലുണ്ടാക്കുന്ന ഒരു ചട്ടിക്ക് ഇവര്‍ക്ക് 30 രൂപയാണ് ലഭിക്കുന്നത്. രാപ്പകലില്ലാതെ പണിയെടുത്താല്‍ ഒരു മാസം കൊണ്ട് 400 ഓളം ചട്ടികള്‍ മാത്രമാണ് ഉണ്ടാക്കാന്‍ സാധിക്കുക. ഈ വരുമാനത്തില്‍ നിന്നാണ് ഇവര്‍ക്ക് നിര്‍മാണത്തിനാവശ്യമായ ചെലവ് തുകയും വീട്ടുചെലവും കഴിച്ച് കഷ്ടിച്ചാണ് ജീവിതം തള്ളിനീക്കാനുള്ള പണം ലഭിക്കുന്നത്. പത്തപ്പിരിയം സ്‌കൂള്‍പ്പടി കുംഭാര കോളനിയില്‍ 25ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ ആറ് പേര്‍ മാത്രമാണ് പരമ്പരാഗത കുലത്തൊഴിലുമായി ജീവിക്കുന്നത്. മുത്തേടത്ത്കുന്ന് ഗോപി, ഭരതന്‍, കൃഷ്ണന്‍, രാമദാസ്, വേലായുധന്‍, മോഹനന്‍ എന്നിവര്‍. ബാക്കിയുള്ളവര്‍ സാധാരണ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. നഷ്ടത്തിലായാലും വേറെ തൊഴിലറിയാത്തതുകൊണ്ട് ഇവര്‍ കുലത്തൊഴിലുമായി മുന്നോട്ടുപോകുകയാണ്. കുറ്റിപ്പുറത്ത് നിന്നും പാലക്കാട് ജില്ലയിലെ കൊണ്ടൂരില്‍ നിന്നുമാണ് മണ്ണ് കൊണ്ടുവരുന്നത്. ഇതിന് തന്നെ ഒരുപാട് സാങ്കേതിക തടസങ്ങളുമുണ്ട്. മണ്ണിനുള്ള പെര്‍മിറ്റ് തുടങ്ങിയവ ഇതിന് പ്രധാനമാണ്. ഈ കുടുംബങ്ങളാവട്ടെ ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് എസ് സി ആനുകൂല്യത്തിന് ഒരു പാട് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുംഭാരസഭ സംസ്ഥാന, ജില്ലാ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പിന്നീട് അതും ഫലം കണ്ടില്ല. മാറിവരുന്ന എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാരുകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഇനിയെങ്കിലും പുതിയ സര്‍ക്കാര്‍ തലത്തില്‍ നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കുംഭാര കോളനി നിവാസികള്‍.