ലോട്ടറി രാജാവിന് വേണ്ടി ഹാജരായത് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്

Posted on: July 5, 2016 9:47 am | Last updated: July 5, 2016 at 9:47 am
SHARE

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍. ലോട്ടറി തട്ടിപ്പു കേസിനെ തുടര്‍ന്ന് സ്വത്തുവകകള്‍ ജപ്തി ചെയ്ത കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി ചോദ്യം ചെയ്തു മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുതിര്‍ന്ന അഭിഭാഷകനും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ എം കെ ദാമോദരന്‍ ഹാജരായത്. പത്ത് കോടിയോളം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജപ്തി ചെയ്തത്. മാര്‍ട്ടിനെതിരെ വഞ്ചനക്കും ക്രിമിനല്‍ ഗൂഢാലോചനക്കുമടക്കം കേസെടുത്ത സര്‍ക്കാര്‍ നടപടി നിലനില്‍ക്കുന്നതല്ലെന്നും കേസെടുത്ത നടപടി കേന്ദ്ര ലോട്ടറി ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് മാര്‍ട്ടിന്റെ വാദം. സിക്കിം സര്‍ക്കാറിന്റെ ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ പരാതിയില്‍ സി ബി ഐ കേസെടുത്ത് എറണാകുളം സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ലോട്ടറി വില്‍പ്പനയിലും നടത്തിപ്പിലും ക്രമക്കേടുണ്ടെങ്കില്‍ സിക്കിം സര്‍ക്കാറിന്ന് പരാതി നല്‍കേണ്ടതെന്നും കേരള സര്‍ക്കാറിന്റെ പരാതിയില്‍ കേസെടുക്കാനാവില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ വാദിച്ചു. അതേസമയം, കേസില്‍ കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ നിര്‍ദേശിച്ചു. ലോട്ടറി കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി ബി ഐ നടപടി ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 23 കേസുകളിലാണ് സി ബി ഐ അന്വേഷണം അവസാനിപ്പിച്ചത്. ഒരു കേസില്‍ മാത്രമാണ് സാന്റിയാഗോ മാര്‍ട്ടിനെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.