Connect with us

Sports

ഐസ്‌ലാന്‍ഡ് തോല്‍ക്കുന്നില്ല !

Published

|

Last Updated

ഫ്രാന്‍സിനെതിരെ ആദ്യ ഗോള്‍ നേടിയപ്പോള്‍, തോല്‍വി ഉറപ്പായിട്ടും ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ഐസ്‌ലാന്‍ഡുകാര്‍

പാരിസ്: ഫുട്‌ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്നാണ് ഐസ്‌ലാന്‍ഡ് എന്ന കുഞ്ഞന്‍ ടീം യൂറോയിലെ പോരാട്ടം അവസാനിപ്പിച്ചത്. ആതിഥേയരായ ഫ്രാന്‍സിന് മുന്നില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ലാജര്‍ബാക്കും ഹെമിര്‍ ഹാല്‍ഗ്രിംസനും പരിശീലിപ്പിച്ച ഐസ്‌ലാന്‍ഡിന് കാലിടറിയത്. 2016 യൂറോ കപ്പിന്റെ ചരിത്രത്തില്‍ ഐസ്‌ലാന്‍ഡ് തങ്ങളുടെതായ മുഖമുദ്ര പതിപ്പിച്ചു. ആരാലും വലിയ സാധ്യത കല്പിക്കപ്പെടാതെ വന്ന്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്‍മാരായതു പോലൊരു സ്വപ്‌നക്കുതിപ്പ് ഐസ്‌ലാന്‍ഡ് നടത്തി. ക്വാര്‍ട്ടറില്‍ ആ ജൈത്രയാത്ര അവസാനിച്ചെങ്കിലും ഐസ്‌ലാന്‍ഡ് ആരാധകര്‍ക്ക് കിരീടം നേടിയ പ്രതീതിയാണ്. അതിന് കാരണം മറ്റൊന്നുമല്ല, ഗ്രൂപ്പ് എഫില്‍ ഹംഗറിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ യോഗ്യത. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരെ തകര്‍പ്പന്‍ സമനില. പറങ്കിപ്പട മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ചാണ് ഗ്രൂപ്പ് റൗണ്ട് കടന്നത്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ ആസ്ത്രിയയെ തോല്‍പ്പിച്ച ഐസ്‌ലാന്‍ഡ് തോല്‍വി അറിയാതെ നോക്കൗട്ടിലെത്തി. അവിടെ ലോകത്തെ ഏറ്റവും പ്രതിഭാധനരുള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് നിരയെ മലര്‍ത്തിയടിച്ചു. നാലാം മിനുട്ടില്‍ റൂണിയുടെ ഗോളില്‍ ലീഡെടുത്ത ഇംഗ്ലീഷ് ആധിപത്യത്തെ മിനുട്ടുകള്‍ക്കുള്ളില്‍ സമനിലയില്‍ തളച്ച ഐസ്‌ലാന്‍ഡ് പതിനെട്ടാം മിനുട്ടില്‍ വിജയഗോള്‍ കുറിച്ചു. ആത്മാവുള്ള ഫുട്‌ബോള്‍ കാഴ്ചവെച്ച് ഐസ്‌ലാന്‍ഡ് യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ ലീഗുള്ള ഇംഗ്ലണ്ടിനെ കളി പഠിപ്പിച്ചു !
ക്വാര്‍ട്ടറില്‍ ദിദിയര്‍ ദെഷാംസിന്റെ ഫ്രാന്‍സിന് മുന്നില്‍ ഐസ്‌ലാന്‍ഡ് “ഐസായി” പ്പോകുന്ന കാഴ്ച. 5-2 ന് ദയനീയ തോല്‍വി. എന്താണ് സംഭവിച്ചതെന്നറിയാതെ കളിക്കാര്‍ നിരാശരായി തല കുമ്പിട്ടിരുന്നു. സ്വീഡിഷുകാരനായ കോച്ച് ലാര്‍സ് ലാജര്‍ബാക്ക് തന്റെ ടീമിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാണിച്ചതിങ്ങനെ : ബുദ്ധി ഉപയോഗിച്ചില്ല. ഫ്രാന്‍സിനെ പോലുള്ള ടീമിനെ നേരിടുമ്പോള്‍ ചെറിയ പിഴവ് പോലും പാടില്ല. തീരുമാനമെടുക്കാന്‍ വൈകരുത്. ടീം എന്ന നിലയില്‍ യൂറോയില്‍ തന്റെ ടീം ആദ്യമായി പിന്നാക്കം പോയി. അതോടെ തോല്‍ക്കുകയും ചെയ്തു. എങ്കിലും എന്റെ കളിക്കാരെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.
ആദ്യപകുതിയില്‍ പിഴച്ചു, രണ്ടാം പകുതിയില്‍ ഐസ്‌ലാന്‍ഡിന്റെ കരുത്ത് ഫ്രാന്‍സ് അറിഞ്ഞു – സഹപരിശീലകന്‍ ഹാള്‍ഗ്രിംസന്‍ പറഞ്ഞു.
ക്യാപ്റ്റന്‍ ആരോണ്‍ ഗുന്നാര്‍സന്റെ നിരാശ ആദ്യപകുതിയെ ഓര്‍ത്താണ്. തകര്‍ന്നു പോയി ആദ്യ 45 മിനുട്ടില്‍. അവസാന 45 മിനുട്ടില്‍ ഞങ്ങളാണ് മികച്ചു നിന്നത് – ഗുന്നാര്‍സന്‍ പറഞ്ഞു.
പക്ഷേ, ഐസ്‌ലാന്‍ഡ് ആരാധകരെ ഈ തോല്‍വി ഒരുതരത്തിലും ബാധിക്കുന്നില്ല.
ഫ്രാന്‍സിനെതിരെ ആദ്യ ഗോള്‍ മടക്കിയപ്പോഴും അവര്‍ ഗാലറിയില്‍ ഉത്സവമാക്കി. മത്സരശേഷം, പതിവ് പോലെ ഗുന്നാര്‍സന്റെ നേതൃത്വത്തില്‍ കളിക്കാര്‍ക്കൊപ്പം അവര്‍ താളത്തില്‍ കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. എങ്ങനെ ഒരു ദേശീയ ടീമിന്റെ പ്രചോദകരായി ഒപ്പം നില്‍ക്കാമെന്ന് ഐസ്‌ലാന്‍ഡുകാര്‍ കാണിച്ചു തന്നു. എല്ലാ അര്‍ഥത്തിലും അവര്‍ ഹൃദയം കീഴടക്കി.

Latest