യൂറോ കപ്പില്‍ ജര്‍മനി-ഫ്രാന്‍സ്: ക്ലാസിക് സെമി

Posted on: July 5, 2016 6:24 am | Last updated: July 8, 2016 at 7:38 am
SHARE

35EC23A000000578-3672673-image-a-38_1467586863890പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ജര്‍മനി-ഫ്രാന്‍സ് ക്ലാസിക് സെമി ഫൈനല്‍ പോരിന് കളമൊരുങ്ങി. അട്ടിമറി വീരന്‍മാരായ ഐസ്‌ലാന്‍ഡിനെ നിര്‍ദാക്ഷിണ്യം തകര്‍ത്താണ് ഫ്രാന്‍സ് വ്യാഴാഴ്ച നടക്കുന്ന സെമി പോരിന് ടിക്കറ്റെടുത്തത്. 5-2 നായിരുന്നു ആതിഥേയരുടെ ജയം. നാളെ നടക്കുന്ന ആദ്യ സെമിയില്‍ പോര്‍ച്ചുഗല്‍ വെയില്‍സിനെ നേരിടും.
പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചും ഇംഗ്ലണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചും യൂറോ കപ്പിലെ കറുത്തകുതിരകളായി മാറിയ ഐസ്‌ലാന്‍ഡിന് ഫ്രാന്‍സിന്റെ ആക്രമണഫുട്‌ബോളിന് മുന്നില്‍ കാലിടറുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ 4-0ന് ഫ്രാന്‍സ് ആധിപത്യം നേടി. ഒലിവര്‍ ജിറൂദ് പന്ത്രണ്ടാം മിനുട്ടില്‍ തുടങ്ങി വെച്ച ഗോളടി, ഇരുപതാം മിനുട്ടിലെ തകര്‍പ്പന്‍ ഹെഡര്‍ ഗോളില്‍ പോള്‍ പോഗ്ബ തുടര്‍ന്നു. നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ദിമിത്രി പയെറ്റിന്റെ ഇടങ്കാലന്‍ ഷൂട്ട് വലയില്‍ ഉരുണ്ടു കയറിയപ്പോള്‍ രണ്ട് മിനുട്ടിനുള്ളില്‍ ഗ്രിസ്മാനും വല കുലുക്കി തന്റെ ഫോം അറിയിച്ചു.

ഐസ്‌ലാന്‍ഡിനെതിരെ പോള്‍ പോഗ്ബ ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് ടീമിന്റെ ആഹ്ലാദം
ഐസ്‌ലാന്‍ഡിനെതിരെ പോള്‍ പോഗ്ബ ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് ടീമിന്റെ ആഹ്ലാദം

ആദ്യ 45 മിനുട്ടില്‍ നിറം മങ്ങിയ ഐസ്‌ലാന്‍ഡ് രണ്ടാം പകുതിയില്‍ അവരുടെ പോരാട്ടവീര്യം പുറത്തെടുത്തു. അമ്പത്താറാം മിനുട്ടില്‍ സിഗ്‌ബോര്‍സനിലൂടെ എക്കൗണ്ട് തുറന്ന ഐസ്‌ലാന്‍ഡ് ആവേശം കൊള്ളിച്ചു. പക്ഷേ, മൂന്ന് മിനുട്ടിനുള്ളില്‍ അഞ്ചാം ഗോള്‍ അടിച്ച് ഫ്രാന്‍സ് ആ ആവേശം കെടുത്തി. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദായിരുന്നു സ്‌കോറര്‍. രണ്ട് ഗോളുകളുമായി ജിറൂദ് കോച്ച് ദിദിയര്‍ ദെഷാംസിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നു. ഒരു ഗോള്‍ ഇടങ്കാല്‍ കൊണ്ടും മറ്റൊന്ന് ഹെഡറിലൂടെയും നേടി ജിറൂദ് ക്ലംപീറ്റ് സ്‌ട്രൈക്കറാണെന്ന് ഓര്‍മപ്പെടുത്തി.

ജര്‍മനിയെ വാഴ്ത്തി ദെഷാംസ്
ഫ്രാന്‍സിന് സെമിയില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് കോച്ച് ദിദിയര്‍ ദെഷാംസ്. കാരണം ജര്‍മനിയാണ് മുന്നിലുള്ളത്. ഇറ്റലിക്കെതിരെ ജര്‍മനിക്ക് അവരുടെ മികച്ച പ്രകടനം സാധ്യമായിട്ടില്ലെന്നത് നേരാണ്. എന്ന് കരുതി ജര്‍മനി ജര്‍മനിയല്ലാതാകുന്നില്ല. അവരാണ് ലോകത്തിലെ ബെസ്റ്റ് ടീം- ദെഷാംസ് സെമി എതിരാളികളെ വാനോളം പുകഴ്ത്തുന്നു. എന്റെ ടീമിന് പ്രതിരോധത്തില്‍ ദൗര്‍ബല്യങ്ങളുണ്ട്.
ജര്‍മനിയെ പരാജയപ്പെടുത്തണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ടെന്നും ദെഷാംസ്. നവംബറില്‍ സൗഹൃദ മത്സരത്തില്‍ 2-0ന് ജര്‍മനിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ദെഷാംസിനുണ്ട്.
എന്നാല്‍, എതിരാളിയെ ബഹുമാനിക്കുന്ന തന്ത്രമാണ് ഫ്രഞ്ച് കോച്ച് പുറത്തെടുക്കുന്നത്. 1998 ലോകകപ്പ്, 2000 യൂറോ കപ്പ് നേടിയ ഫ്രാന്‍സിന്റെ ക്യാപ്റ്റനായിരുന്നു ദെഷാംസ്.ജര്‍മനിയാണ് ഫേവറിറ്റുകള്‍, പക്ഷേ ഞങ്ങള്‍ ഫ്രഞ്ച് ഫുട്‌ബോളില്‍ ചരിത്രമെഴുതും എന്നാണ് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് ഐസ്‌ലാന്‍ഡിനെതിരായ മത്സരശേഷം പ്രതികരിച്ചത്.

ജര്‍മനിക്ക് മരിയോ ഗോമസിനെയും സമി ഖെദറീറയെയും നഷ്ടം

സെമിഫൈനലില്‍ ഇറക്കേണ്ട ലൈനപ്പിനെ കുറിച്ചോര്‍ത്താണ് ജര്‍മന്‍ കോച്ച് ജോക്വം ലോയുടെ മനസ് അസ്വസ്ഥമാകുന്നത്. പരുക്കേറ്റ സ്‌ട്രൈക്കര്‍ മരിയോ ഗോമസും മിഡ്ഫീല്‍ഡര്‍ സമി ഖെദീറയും യൂറോയില്‍ നിന്ന് പുറത്തായി. ഡിഫന്‍ഡര്‍ മാറ്റ്‌സ് ഹമ്മല്‍സാകട്ടെ ഇറ്റലിക്കെതിരെ മഞ്ഞക്കാര്‍ഡ് കണ്ടതോടെ സസ്‌പെന്‍ഷനിലുമാണ്.
ഇറ്റലിക്കെതിരെ ക്വാര്‍ട്ടറില്‍ സഡന്‍ഡെത്ത് വരെ നീണ്ടു നിന്ന മത്സരദൈര്‍ഘ്യം ജര്‍മന്‍ നിരയെ തളര്‍ത്തിയിട്ടുണ്ട്. വലുതും ചെറുതുമായ പരുക്കുകള്‍ വേറെയും ഉണ്ടെങ്കിലും ടീം അതൊന്നും പുറത്തു വിടുന്നില്ല.
ഐസ്‌ലാന്‍ഡിനെതിരെ മികച്ച ഫോമിലേക്കുയര്‍ന്ന ഫ്രാന്‍സിനെ നേരിടുമ്പോള്‍ ഏറ്റവും മികച്ച ലൈനപ്പ് അനിവാര്യമാണെന്ന ബോധ്യം ജോക്വം ലോക്കുണ്ട്. ഇറ്റലിക്കെതിരെ ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റിഗറെയാണ് ഖെദീറ പരുക്കേറ്റ് കയറിയപ്പോള്‍ ലോ ഇറക്കിയത്. കഴിഞ്ഞ ആറ് മാസമായി കളിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ഷൈ്വന്‍സ്റ്റിഗര്‍ ഇറ്റലിക്കെതിരെ കളിക്കേണ്ടി വന്നു.
ക്ഷീണിതനായ ഷൈ്വന്‍സ്റ്റിഗറിന് സെമിയില്‍ കളിപ്പിച്ചേക്കില്ല. ആദ്യ ലൈനപ്പില്‍ എമ്‌റെ കാന്‍, ജോഷ് കമിച് എന്നിവരെയാകും പരിഗണിക്കുക. ഹമ്മല്‍സ് പ്രതിരോധത്തില്‍ ഇല്ലാത്തസാഹചര്യത്തില്‍ 3-4-2-1 ശൈലി വിട്ട് പഴയ 4-2-3-1 ശൈലിയിലേക്ക് ജര്‍മനി മാറിയേക്കുമെന്നും സൂചനയുണ്ട്.