സ്‌പെയിനില്‍ ചൂട് കൂടുന്നു; ജാഗ്രതാ നിര്‍ദേശം

Posted on: July 5, 2016 5:22 am | Last updated: July 5, 2016 at 1:23 am
SHARE

മാഡ്രിഡ്: സ്‌പെയിനില്‍ കനത്ത ചൂട്. താപനില 40 ഡിഗ്രിക്ക് മുകളില്‍ നില്‍ക്കുന്നതിനാല്‍ രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കി. തെക്കന്‍ പ്രദേശമായ കൊര്‍ദോവയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ ശനിയാഴ്ച 41 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോള്‍ ഞായറാഴ്ച 44.5 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ജൂലൈയില്‍ നഗരത്തിലെ ശരാശരി താപനില 44.5 ഡിഗ്രിയില്‍ നില്‍ക്കുന്നസ്ഥാനത്താണിത്. ഗ്രാനഡയിലും ബദജോസിലും 42 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ സെവിയ്യയില്‍ 40ല ഡിഗ്രി ചൂട് രേഖപ്പെടുത്തി.
തലസ്ഥാന നഗരിയായ മാഡ്രിഡില്‍ ജൂലൈയിലെ ശരാശരി ചൂട് 27 ഡിഗ്രി മുതല്‍ 31 ഡിഗ്രിയാണ്. എന്നാല്‍ ഞായറാഴ്ച 37 ഡിഗ്രി താപനില രേഖപ്പെടുത്തി. കഴിഞ്ഞ മാസം 20 മുതല്‍ മാഡ്രിഡിലെ താപനില 33 ഡിഗ്രിക്ക് മുകളിലാണ്.
താപനില ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വനങ്ങളില്‍ തീപിടിത്ത സാധ്യത കൂടി. ഇതിന്റെ പശ്ചാത്തലിത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മാഡ്രിജില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെങ്കിലും ഇത് നഗരത്തിലെ ചൂടിന് ശമനമാകും വിധത്തിലാകില്ലെന്ന് അധികൃതര്‍ പറയുന്നു.