കാലിക്കറ്റ് ഫാര്‍മസിസ്റ്റ് നിയമന ഇന്റര്‍വ്യൂ തടഞ്ഞു

Posted on: July 5, 2016 5:06 am | Last updated: July 5, 2016 at 1:17 am
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ ഡി വൈ എഫ് ഐ ജില്ലാ നേതാക്കളും എംപ്ലോയീസ് യൂനിയന്‍ നേതാക്കളും ഇടപെട്ട് തടഞ്ഞു. ഇന്നലെ രാവിലെ എട്ടോടെ തന്നെ ഒരു വിഭാഗം ജീവനക്കാരും ഡി വൈ എഫ് ഐ നേതാക്കളും സര്‍വകലാശാല ഭരണകാര്യാലയത്തിന് മുന്നിലെത്തി ഉപരോധിച്ച് ഇന്റര്‍വ്യൂ നടപടികള്‍ തടയുകയായിരുന്നു.
സര്‍വകലാശാല ഹെല്‍ത്ത് സെന്ററിലെ ഒഴിവുള്ള ഒരു ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആണ് ഇന്നലെ തടഞ്ഞത്. റാങ്ക് ലിസ്റ്റിലുള്ള 19 ഉദ്യോഗാര്‍ഥികളോട് ഇന്നലെ രാവിലെ ഒമ്പതിന് ഭരണകാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സര്‍വകലാശാല അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗാര്‍ഥികള്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ സമരം തുടങ്ങുകയായിരുന്നു. നിയമനത്തിനായി 2013ല്‍ നടത്തിയ പരീക്ഷ അശാസ്ത്രീയമാണെന്നും താത്പര്യമുള്ളയാളെ നിയമിക്കാനാണ് നീക്കം നടത്തിയതെന്നും സമരക്കാര്‍ ആരോപിച്ചു.
സിന്‍ഡിക്കേറ്റിലേക്ക് പുതിയ ആറ് അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതിനാല്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ഡോ. വി പി അബ്ദുള്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ക്ക് അയോഗ്യതയായെന്നും എംപ്ലോയീസ് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.