സുപ്രീംകോടതിയിലെ തിരിച്ചടി വിഎസിന്റെ കണ്ണുതുറപ്പിക്കണം: ഉമ്മന്‍ ചാണ്ടി

Posted on: July 5, 2016 12:57 am | Last updated: July 5, 2016 at 12:57 am
SHARE

oommen chandyതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരേ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകുന്ന കനത്ത തിരിച്ചടികള്‍ ഇനിയെങ്കിലും അദ്ദേഹത്തിന്റെ കണ്ണുതുറപ്പിക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പൊതുപ്രവര്‍ത്തനം അദ്ദേഹം ഇനിയെങ്കിലും നിര്‍ത്തണം.
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതി വി എസിനെ നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്. നേരത്തേ പാമോയില്‍ കേസില്‍, രാഷ്ട്രീയലാഭത്തിനുവേണ്ടി കോടതിയെ ഉപയോഗിച്ചാല്‍ പിഴ ഈടാക്കും എന്നുവരെ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയതാണ്. അന്നു കണ്ണുതുറന്നിരുന്നെങ്കില്‍ ഇന്ന് കോടതിയില്‍ നിന്ന് ഇത്രയും വലിയ പ്രഹരം ലഭിക്കില്ലായിരുന്നെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
ഇരുപതു വര്‍ഷം നീണ്ട ഐസ്‌ക്രീം പാര്‍ലര്‍കേസ് മാറിമാറി വന്ന സര്‍ക്കാരുകള്‍ അന്വേഷിച്ചതാണ്. ഹൈക്കോടതിയുടെ മേന്‍നോട്ടത്തില്‍ വരെ അന്വേഷണം നടന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും കേസ് തള്ളുകയും കേസ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇരുപതു വര്‍ഷം കുഞ്ഞാലിക്കുട്ടിയെ വേട്ടയാടിയിട്ടും പോരാഞ്ഞിട്ടാണ് വി എസ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ രാഷ്ട്രീയ വേട്ടക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് വി എസ് ഇനിയെങ്കിലും പിന്മാറണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.