പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം ചെന്നൈക്ക് മടങ്ങി

Posted on: July 5, 2016 12:52 am | Last updated: July 5, 2016 at 12:52 am
SHARE

കൊച്ചി: ഭര്‍ത്താവുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ പെട്ട പെണ്‍ കുട്ടി ഭര്‍ത്താവിനൊപ്പം സുരക്ഷിതയായി ചെന്നൈക്ക് മടങ്ങി. പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപെടുത്തിയ യുവാക്കള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ചെന്നൈ സ്വദേശി വിനോദ് കുമാര്‍ കൊച്ചിയിലെത്തി ഭാര്യയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ചെന്നൈക്കടുത്തുള്ള തമ്പാനം സ്വദേശിയായ വിനോദ് കുമാറും ഭാര്യ അമ്മുവുംപിണക്കം മാറിയാണ് കൊച്ചിയില്‍ നിന്ന് പോയത്. മുണ്ടംവേലി സ്വദേശികളായ വിവേക് വല്ലായില്‍, നൗഷാദ്, ജിബി, ജെയ്‌സണ്‍, ജനീഷ്, സാജു എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഒരുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഭര്‍ത്താവിനോട് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ വീടു വിട്ടിറങ്ങി ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെവെച്ച് പരിചയപ്പെട്ട മലയാളികളായ രണ്ട് യുവാക്കള്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി. ഇവരുടെ വാക്ക് വിശ്വസിച്ച് ഇവര്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെ നിന്ന് ഓട്ടോ പിടിച്ചാണ് തൃക്കാക്കര ഭാരതമാത കോളജിനടുത്തുള്ള കൊല്ലംകുടി മുകളിലെത്തിയത്. പിന്നീട് ചെന്നൈയില്‍ പരിചയപ്പെട്ട ആളെ ഫോണില്‍ ബന്ധപ്പെട്ടു. അവിടെ ഒരു ടാറ്റ സുമോ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും അതില്‍ കയറിയാല്‍ ജോലിസ്ഥലത്തെത്താം എന്നും പറഞ്ഞു. ഇതനുസരിച്ച് പെണ്‍കുട്ടി കാറിനടുത്തേക്ക് നീങ്ങി. കാറില്‍ നിരവധി യുവാക്കളുണ്ടായിരുന്നു. ഒരാള്‍ ചാടി ഇറങ്ങി യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി. സിം കാര്‍ഡ് നശിപ്പിച്ചു. മറ്റുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയതോടെ അവള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.