Connect with us

Editorial

നൊമ്പരങ്ങളുടെ വാര്‍ധക്യം

Published

|

Last Updated

മാതാപിതാക്കള്‍ക്ക് നേരെയുള്ള മക്കളുടെ അവഗണനയും പീഡനവും അവരെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന പ്രവണതയും സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സീനിയര്‍ സിറ്റിസണ്‍ കൗണ്‍സില്‍ ഈയിടെ നടത്തിയ പഠനത്തില്‍ മക്കളുടെ അവഗണനക്കെതിരെയും മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടും അഞ്ച് വര്‍ഷത്തിനിടെ 8,568 പേര്‍ ട്രൈബ്യൂണലുകളെ സമീപിച്ചതായി കണ്ടെത്തി. മക്കളില്‍ നിന്ന് ജീവിതാവസാനം വരെ സ്‌നേഹമസൃണമായ പെരുമാറ്റവും പരിചരണവും പ്രതീക്ഷിച്ചാണ് തങ്ങളുടെ സമ്പാദ്യമെല്ലാം അവര്‍ തീരെഴുതിക്കൊടുക്കുന്നത്. എന്നാല്‍ സ്വത്തു കൈയില്‍ വരുന്നത് വരെ നന്നായി പെരുമാറുന്ന മക്കള്‍ പിന്നീട് മട്ടു മാറുകയും അവരെ അവഗണിക്കുകയുമാണ്. മാത്രമല്ല, പാഴ്‌വസ്തുക്കള്‍ ഉപേക്ഷിക്കുന്ന ലാഘവത്തോടെ അവരെ വൃദ്ധസദനങ്ങളിലോ ബസ്സ്റ്റാന്റിലോ അമ്പലനടകളിലോ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആശുപത്രികളില്‍ പ്രവേശിപ്പിച്ചു മുങ്ങിക്കളയുന്നു ചിലര്‍.
രാജ്യം നേരിടുന്ന മുഖ്യ വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട് വയോജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങള്‍. അവരുടെ ജീവിത നിലവാരത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ ഏറെ പിന്നിലാണെന്നാണ് ഗ്ലോബല്‍ ഏജ് വാച്ച് ഇന്‍ഡക്‌സിന്റെ 2015ലെ റിപ്പോര്‍ട്ട് പറയുന്നത്. വയോജനങ്ങളുടെ വരുമാനം, ആരോഗ്യം, തൊഴില്‍, ചുറ്റുപാടുകള്‍ എന്നിവ പരിഗണിച്ചു തയാറാക്കിയ 96 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 71-ാം സ്ഥാനത്താണ്. “കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഹെല്‍പ്പേജ് ഇന്ത്യ” നടത്തിയ പഠനമനുസരിച്ചു രാജ്യത്തെ വയോജനങ്ങളില്‍ 80 ശതമാനത്തോളം പേര്‍ക്ക് വീട്ടില്‍ യാതൊരു പരിഗണനയും ആദരവും ലഭിക്കുന്നില്ല. ബന്ധുക്കളുടെ പുച്ഛം കലര്‍ന്ന പെരുമാറ്റവും സംസാരവും ശകാരവും മൂലം കടുത്ത മാനസിക പ്രയാസമനുഭവിക്കുന്നവരാണ് 76 ശതമാനവും. 40 ശതമാനം പേര്‍ മരുമക്കളില്‍ നിന്നും സ്വന്തം ആണ്‍മക്കളില്‍ നിന്നും ശാരീരിക പീഡനവുമേല്‍ക്കുന്നവരാണ്. മക്കളെയും വീട്ടുകാരെയും സമൂഹ മധ്യത്തില്‍ താറടിക്കേണ്ടെന്ന് കരുതി മിക്കപേരും ഇക്കാര്യം പുറത്തു പറയാറില്ലെന്ന് മാത്രം. അവരുടെ സങ്കടങ്ങളും നെടുവീര്‍പ്പുകളും സ്വന്തം കിടപ്പു മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു.
അമ്മ/ഉമ്മയെന്ന രണ്ടക്ഷരത്തിന് മറ്റെന്തിനേക്കാളും മഹത്വം കല്‍പിച്ചവരായിരുന്നു മുമ്പ് മലയാളികള്‍. പാശ്ചാത്യന്‍ നാടുകളിലെ കുടുംബ ശൈഥില്യത്തെയും വയോജനങ്ങളോടുള്ള അവഗണനയെയും ഏറെ അമര്‍ഷത്തോടെയാണ് അടുത്ത കാലം വരെയും നമ്മള്‍ നോക്കിക്കണ്ടിരുന്നത്. ആ മലയാളിക്കെങ്ങനെ ഇന്ന് മാതാവിനെ എവിടെയെങ്കിലും ഉപേക്ഷിച്ചു നിസ്സംഗനായി, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ തിരിച്ചു പോരാന്‍ സാധിക്കുന്നു? കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കും “നാം രണ്ട് നമുക്ക് രണ്ട്” എന്ന കൂടുബസൂത്രണ മുദ്രാവാക്യത്തിലേക്കും ചുരുങ്ങിയതോടെയാണ് ഈ പതനം ആരംഭിച്ചത്. ഇപ്പോള്‍ മാതാപിതാക്കള്‍ പലര്‍ക്കും അധികപ്പറ്റാണ്. അനാവശ്യ ഭാരവും ചിലവുമായി അനുഭവപ്പെടുകയാണ്.
മാതാപിതാക്കള്‍ക്കും വയോജനങ്ങള്‍ക്കും ലഭിക്കേണ്ട പരിരക്ഷയും പരിചരണവും ഉറപ്പ് വരുത്താനും ഇതില്‍ വീഴ്ച കാണിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കാനും 2007ല്‍ സര്‍ക്കാര്‍ നിയമം പാസ്സാക്കിയിട്ടുണ്ട്; പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ ആക്ട്. ഇതനുസരിച്ചു മാതാപിതാക്കളെ മക്കള്‍ സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിക്കണം. തക്ക കാരണങ്ങളുണ്ടെങ്കില്‍ മറ്റൊരു വഴിയുമില്ലാത്ത ഘട്ടത്തില്‍ മാത്രമേ വൃദ്ധ സദനത്തില്‍ ഏല്‍പിക്കാവൂ. അവരുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയ ശേഷം സംരക്ഷണമോ പരിഗണനയോ നല്‍കുന്നില്ലെങ്കില്‍, പ്രസ്തുത ആധാരം അസാധുവാക്കാനും സ്വത്ത് മാതാപിതാക്കള്‍ക്ക് തിരികെ ലഭ്യമാക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസുകാര്‍ മാസത്തിലൊരിക്കലെങ്കിലും ഇത്തരക്കാരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതുമാണ്. ഈ വ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഇടക്കിടെ ഉന്നതതല അന്വേഷണം നടത്തി ഉറപ്പ് വരുത്തുകയും വേണം. പക്ഷേ ഏട്ടിലെ പശു പുല്ല് തിന്നുകയില്ലല്ലോ. ബന്ധപ്പെട്ടവര്‍ ഇതൊന്നും പാലിക്കുന്നില്ല.
വയോജന സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതൊടൊപ്പം അവരെ സ്‌നേഹിക്കാനും സംരക്ഷിക്കാനുള്ള ചിന്ത വളര്‍ത്തിയെടുക്കാനുള്ള ബോധവത്കരണവും കൂടിയാണ് പ്രശ്‌നത്തിന് പരിഹാരം. ബാല്യവും കൗമാരവും യൗവനവുമെന്ന പോലെ വാര്‍ധക്യവും ജീവിതത്തിന്റെ ഒരു ഭാഗമാണെന്നും നാളെ തങ്ങളും ഈ അവസ്ഥ തരണം ചെയ്യേണ്ടവരാണെന്നുമുള്ള ബോധം യുവതലമുറ ഉള്‍ക്കൊള്ളണം. ഉറ്റവരില്‍ നിന്നുള്ള സ്‌നേഹവും സാന്ത്വനവുമാണ് ജീവിത സായാഹ്നത്തില്‍ ഒരു വ്യക്തിക്ക് ഏറ്റവുമധികം സന്തോഷവും ആശ്വാസവും പകരുന്നത്. നമ്മുടെ ചെയ്തികള്‍ കണ്ടാണ് നമ്മുടെ മക്കള്‍ വളരുന്നത്. നമുക്ക് ജന്മം നല്‍കി നല്ലൊരു നിലയിലെത്തിച്ച മാതാപിതാക്കളെ നാം ഉപേക്ഷിക്കുമ്പോള്‍, ഭാവിയില്‍ നമ്മുടെ മക്കളും ഇത് അനുകരിച്ചേക്കുമെന്ന് ഓര്‍ക്കേണ്ടതാണ്.

Latest