തല താഴ്‌ത്തേണ്ട നേരം

Posted on: July 5, 2016 5:29 am | Last updated: July 5, 2016 at 12:31 am
SHARE

against ladiപീഡനം, റാഗിംങ്, ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ പദാവലികളുടെ സാന്ദ്രത മലയാളി സമൂഹത്തില്‍ കുത്തനെ കൂടിയിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകുന്ന അവസ്ഥയില്‍ നിന്ന് മാറ്റം സംഭവിച്ചിരിക്കുന്നു. ഒരു കാര്യം നിരന്തരം കേള്‍ക്കുമ്പോള്‍ തലച്ചോര്‍ അതിനോടുള്ള പ്രതികരണ രീതിയില്‍ മാറ്റം വരുത്തുമല്ലോ. ഏറ്റവുമൊടുവില്‍ കേരളത്തില്‍ നടന്ന നിന്ദ്യമായ ലൈംഗികാതിക്രമണ കൊലപാതകമായിരുന്നു ജിഷയുടേത്. മദ്യപിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയും അതിനിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവം മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നതിനു പിന്നിലുമുണ്ട് മനഃശാസ്ത്രം. പ്രതികള്‍ക്കുള്ള ശിക്ഷ സമൂഹം കാണുന്നില്ല.
വര്‍ധിച്ചുവരുന്ന റാഗിംങ്, ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നതിന്റെ മനഃശാസ്ത്രവും അവരുടെ മനോനിലയും അറിയേണ്ടതുണ്ട്. ഒരാളെ ലൈംഗികമായി സ്പര്‍ശിക്കുന്നത്, കയറിപ്പിടിക്കുന്നത്, തുറിച്ച് നോക്കുന്നത്, അശ്ലീലച്ചുവയുള്ള വാക്കുകള്‍ പ്രയോഗിക്കുന്നത്, ശരീരഭാഗങ്ങളെക്കുറിച്ച് കമന്റടിക്കുന്നത്, അശ്ലീല ചിത്രങ്ങളും മറ്റും നിര്‍ബന്ധിച്ച് കാണിക്കുന്നത്, സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുതലായവ ലൈംഗികാതിക്രമങ്ങളുടെ വ്യത്യസ്ത വകഭേദങ്ങളാണ്. എങ്കിലും ഏറ്റവും ഗുരുതരമായത് ബലാത്സംഗം തന്നെ. ഒരാളുടെ സമ്മതമില്ലാതെ ബലം പ്രയോഗ (ശാരീരികമായോ, മാനസികമായോ, ഭീഷണിപ്പെടുത്തിയോ)ത്തിലൂടെ നടത്തുന്ന ലൈംഗികബന്ധമെന്ന് ബലാത്സംഗം എന്ന പദത്തിനു പൊതുവെ നല്‍കുന്ന നിര്‍വചനം. ഇതില്‍ ഇരയുടെ പ്രായം, ബലാത്കാരം നടന്ന സാഹചര്യം, മാനസികാവസ്ഥ എന്നിവയും പരിഗണനീയമാണ്. ശാരീരികമായി മുറിവേല്‍പ്പിച്ചും ബോധം കെടുത്തിയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യാറുണ്ട്. ഒറ്റക്കോ കൂട്ടമായിച്ചേര്‍ന്നോ ഉണ്ടാകാം. ഡല്‍ഹി സംഭവത്തില്‍ കൂട്ടമായി ചേര്‍ന്നായിരുന്നുവല്ലോ. മറ്റുള്ളവരുടെ പ്രേരണമൂലവും നടക്കാറുണ്ട്. ആലോചിച്ചുറപ്പിച്ച്, കൃത്യമായി പ്ലാന്‍ ചെയ്ത് നടത്തുന്ന ബലാത്കാരങ്ങളുമുണ്ട്.
സമൂഹത്തില്‍ ലൈംഗിക വൈകൃതമുള്ളവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് ഇരകള്‍. ഇവരല്ലാത്തവരും വിധേയരാവുന്നുണ്ട്. പീഡനങ്ങള്‍ ചിലപ്പോള്‍ കൊലപാതകങ്ങളിലും കലാശിക്കുന്നു. പീഡനങ്ങള്‍ക്കു ശേഷം കൊലചെയ്യുന്നത് ചില ലൈംഗിക കുറ്റവാളികളുടെ രീതിയാണ്. ജിഷ വധക്കേസില്‍ പിടിക്കപ്പെട്ട വ്യക്തിയില്‍ ലൈംഗിക വൈകൃത സ്വഭാവം ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. നെക്രോഫീലിയ എന്നൊരു വൈകൃതമുണ്ട്. മറ്റു ജീവികളെ ലൈംഗികതാത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുല്‍.
അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലര്‍ത്തുന്നതിനെയാണു രതിവൈകൃതം എന്നു പറയുന്നത്. ഇത് ഒരു മാനസികരോഗമായിട്ടല്ല സ്വഭാവവൈകല്യമായിട്ടാണു കാണുന്നത്. പല തരത്തിലുള്ള വൈകൃതങ്ങളുണ്ട്. ഏറ്റവും കൂടുതലായി കണ്ടുവരുന്ന രതിവൈകൃതങ്ങളില്‍ ഒന്നാണ് ഫ്രോട്ടറിസം. സ്ത്രീകളുമായി മുട്ടിയുരുമ്മിനിന്ന് അതിലൂടെ സംതൃപ്തി നേടുന്നതാണ് ഫ്രോട്ടറിസം.
സാഡിസം എന്നത് ഒരു തരം ലൈംഗിക വൈകൃതമാണ്. മറ്റുള്ളവരെ സ്‌നേഹിച്ച് സന്തോഷിപ്പിക്കുന്നതിനു പകരം വേദനിപ്പിച്ച് അതില്‍ രസം കണ്ടെത്തുന്ന മാനസിക വൈകല്യത്തിനാണ് സാഡിസം എന്ന് പറയുന്നത്. അത്തരം പ്രവൃത്തിയില്‍ മുഴുകുന്ന വ്യക്തിയെ സാഡിസ്റ്റ് എന്ന് വിളിക്കുന്നു. ഏതു വിധത്തിലും വ്യക്തിയെ വേദനിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മാനസികാവസ്ഥയുള്ളവരെ ഇന്ന് സാഡിസ്റ്റുകളായി കണക്കാക്കുന്നുണ്ട്.
ഒരു സുപ്രഭാതത്തില്‍ ആരും സാഡിസ്റ്റാകുന്നില്ല. വര്‍ഷങ്ങളിലൂടെ ഉപബോധമനസ്സില്‍ രൂപപ്പെട്ടു വന്ന ഒരു മനോഭാവം ഒരു നിശ്ചിത സാഹചര്യത്തില്‍ പുറത്തുവന്നു തുടങ്ങിയെന്നേയുള്ളൂ. കുട്ടികാലത്തു പീഡനത്തിനു വിധേയരായവര്‍ വളര്‍ന്ന് വരുമ്പോള്‍ മറ്റുള്ളവരെ പീഡിപ്പിക്കുന്നവരായിത്തീരുന്നു. ശൈശവ ബാല്യങ്ങളാല്‍ മറ്റുള്ളവരുടെ അവഗണനയും ക്രൂരതയും അനുഭവിച്ചു വളരുന്ന കുട്ടിയുടെ മനസ്സ് മൃദുല വികാരങ്ങള്‍ക്ക് പകരം നിഷേധാത്മക വികരങ്ങളായ കോപവും വെറുപ്പും കൊണ്ട് നിറയുന്നു. കുട്ടിക്കാലത്ത് തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഈ വെറുപ്പ് പ്രകടിപ്പിക്കാന്‍ വ്യക്തി അശക്തനാണ്. അതു കാരണം ഈ കോപവും വെറുപ്പും കുട്ടി തന്റെ അടിമനസ്സിലേക്ക് അടിച്ചമര്‍ത്തുകയും അവക്രമേണ വ്യക്തിയുടെ ഉപബോധമനസ്സിന്റെ ഭാഗമായിത്തീരുന്നു. ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഈ വെറുപ്പും കോപവും പ്രതികാരചിന്തയും പിന്നീട് ക്രൂരതയായി ബോധപൂര്‍വമല്ലാതെ പുറത്തേക്കൊഴുകുന്നു.
ലൈംഗിക സംതൃപ്തി ലഭിക്കാത്തതിന്റെ ഇച്ഛാഭംഗം സാഡിസമായി രൂപാന്തരം പ്രാപിക്കുന്നതാണ്. കാരണം, സാഡിസത്തിലായാലും മസോക്കാസത്തിലായാലും അടിസ്ഥാനപരമായ ഒരു തരം ലൈംഗിക സംതൃപ്തിയാണേ്രത അവയില്‍ മുഴുകുന്നവര്‍ക്ക് ലഭിക്കുന്നത്. ഈ സ്വഭാവ വൈകൃതത്തെ ലൈംഗിക വൈകൃതങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന പഠനങ്ങള്‍ ലൈംഗിക പീഡനങ്ങളിലെ പൊതുവായ ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.ലൈംഗികാതിക്രമങ്ങളിധകവും വീടുകളില്‍ വെച്ചാണ് നടക്കുന്നത്. ഭൂരിഭാഗം പീഡകരെയും ഇരക്ക് നേരത്തെ അറിയാമായിരിക്കും. അവരില്‍ മുഖ്യമായും കുടുംബാംഗങ്ങളോ ബന്ധുക്കളോ സൂഹൃത്തുക്കളോ, കാമുകനോ ആയിരിക്കും. പീഡകരില്‍ മുന്നില്‍ ഒരാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടാകും. വിദ്യാഭ്യാസം കുറഞ്ഞവനും താണ വരുമായുള്ളവരുമായിരിക്കും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നത്. പീഡിപ്പിക്കുന്നവരില്‍ മിക്കവാറും പതിനെട്ടിനും മുപ്പത്തിയഞ്ചും വയസ്സിനുള്ളിലുള്ളവരായിരിക്കും. ലഭ്യത ആണ് ബലാല്‍കാരത്തിന് കാരണമാവുന്നത്. ഉദാഹരണത്തിന്. വിജനമായ സ്ഥലത്തോ ഒറ്റക്കോ കാണപ്പെടുന്നത് ബലാത്സംഗത്തിനുള്ള സാധ്യതയെ വര്‍ധിപ്പിക്കുന്നു.
അന്യ സംസ്ഥാന തൊഴിലാളികളില്‍ നിന്നും ലൈംഗികാതിക്രമണവും കൊലപാതികവും വര്‍ധിച്ചു വരുന്നുണ്ട്. അതിനു ചില സാമൂഹിക ഘടങ്ങളുണ്ട്. ദാരിദ്ര്യവും താഴ്ന്ന വരുമാനവും ജീവിത സാഹചര്യങ്ങളും ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമാവാറുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ വളര്‍ന്ന കുട്ടികളില്‍ അക്രമവാസന പൊതുവെ ഏറിയിരിക്കും. ലൈംഗികാതിക്രമണത്തിനും റാഗിംങിനും വഴിവെക്കുന്ന സാമൂഹിക ഘടങ്ങള്‍ വേറെയുമുണ്ട്. ചെറുപ്പത്തിലുണ്ടാവുന്ന ലൈംഗിക പീഡനങ്ങള്‍, മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന പീഡനങ്ങള്‍ തുടങ്ങിയവ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള വാസന അധികരിക്കുന്നു. പീഡിപ്പിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും ഇത്തരം കയ്പു നിറഞ്ഞ ബാല്യമുണ്ടാകുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. റാഗിംങിന് വിധേയമായവരില്‍ കാണപ്പെടുന്ന ഒരു ചിന്താഗതിയാണ് ഇത്തരക്കാര്‍ക്കുണ്ടാകുക. താനനുഭവിച്ചത് മറ്റൊരാളും കൂടി അനുഭവിക്കണമെന്ന തോന്നലും വാശിയും മറ്റൊരാളെ പീഡിപ്പിക്കുന്നതിന് കാരണമാവുന്നു.
അമര്‍ത്തി വെച്ച ലൈംഗിക വികാരങ്ങള്‍, ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള അവസരമില്ലായ്മകള്‍ തുടങ്ങിയവ ബലാത്കാരങ്ങള്‍ വഴി തെളിയിക്കുന്നു. പക്ഷേ, പീഡിപ്പിക്കുന്നവരില്‍ ലൈംഗികാഭിവാജഞകളേക്കാളും കീഴടക്കാനുള്ള ത്വരയാണ് സാധാരണയായി മുന്നോട്ടു നില്‍ക്കുന്നത്. സ്ത്രീകളോട് വെച്ചു പുലര്‍ത്തുന്ന ദേഷ്യവും പകയും പീഡനങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ലൈംഗികതയുടെയും അതിലൈംഗികതയുടെയും വൈകൃതങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയുമൊക്കെ അതി പ്രസരത്തിനിടയിലാണ് നാം ജീവിക്കുന്നത്. സിനിമയിലും സീരിയലിലും പരസ്യങ്ങളിലുമൊക്കെ അല്‍പ്പവസ്ത്രധാരികളും അര്‍ധനഗ്നകളും തിമര്‍ക്കുകയാണ്. ശരിയും തെറ്റും പൂര്‍ണമായും തിരിച്ചറിയാന്‍ മാത്രം പക്വതയിലും പാകതയിലും എത്തിയിട്ടില്ലാത്ത കുട്ടികള്‍ നിരന്തരം ഇത് കാണുന്നു. അതുകൊണ്ട് തന്നെ യുവാക്കള്‍ വളരെ നേരത്തെ തന്നെ ലൈംഗിക വൈകല്യങ്ങള്‍ കണ്ടു വരുന്നു.