നേമത്തെ വോട്ടു ചോര്‍ച്ചയില്‍ നടപടിക്ക് ശിപാര്‍ശ

Posted on: July 5, 2016 6:24 am | Last updated: July 5, 2016 at 12:24 am
SHARE

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ അവസാനകാലത്തെ തീരുമാനങ്ങളും കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് കെ പി സി സി ഉപസമിതി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ താഴേത്തട്ട് മുതല്‍ അഴിച്ചുപണി വേണ്ടിവരുമെന്നും ജംബോ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും സമിതി ശിപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കാന്‍ നിയോഗിച്ച നാല് മേഖലാ സമിതികളും ഇന്നലെ കെ പി സി സി പ്രസിഡന്റിന് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി പൊതുനിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേമത്തെ തോല്‍വി ഗൗരവമായി എടുക്കണമെന്ന് തിരുവനന്തപുരം മേഖലാ സമിതി ആവശ്യപ്പെട്ടു. നേമത്ത് വോട്ടു ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതിന് ഉത്തരാവാദികളായ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും ഉപസമിതി ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമായിരുന്നോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. നേതാക്കളുടെ ബൂത്തുകളില്‍ പോലും പിന്നോട്ടു പോയതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിച്ചു.
ഓരോ ജില്ലകളില്‍ നിന്നും വ്യത്യസ്ത രീതിയിലുള്ള പരാതികളുണ്ടായെങ്കിലും പാര്‍ട്ടി ഘടനയെക്കുറിച്ചുള്ള പരാതികള്‍ എല്ലാ ഘടകങ്ങളില്‍ നിന്നും ഒരുപോലെ ഉന്നയിക്കപ്പെട്ടിരുന്നു. സംഘടനാസംവിധാനം തീര്‍ത്തും ദുര്‍ബലമാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. താഴേത്തട്ടില്‍ മിക്കയിടങ്ങളിലും പാര്‍ട്ടി സംവിധാനമില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മുന്നാരുക്കങ്ങള്‍ നടത്തുന്നതിലും പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് നാല് മേഖലാ സമിതികളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സികളിലെ ജംബോ കമ്മിറ്റികള്‍ പൂര്‍ണ പരാജയമായിരുന്നു. ഇവ പുനസ്സംഘടിപ്പിക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. പല ജില്ലകളിലും ഡി സി സി പ്രസിഡന്റുമാര്‍ യോഗങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം വേണ്ടവിധം ഇവര്‍ നടത്തിയില്ല.
സ്ഥാനാര്‍ഥികള്‍, സംഘടനാ ഭാരവാഹികള്‍, പരാതിയുള്ളവര്‍ എന്നിവരില്‍ നിന്നാണ് മേഖലാ സമിതികള്‍ തെളിവുകള്‍ ശേഖരിച്ചത്. കെപിസിസി ഭാരവാഹികളായ ജോണ്‍സണ്‍ എബ്രഹാം, ഭാരതിപുരം ശശി, സജീവ് ജോസഫ്, വിഎ നാരായണന്‍ എന്നിവരാണ് മേഖലാസമിതികളുടെ കണ്‍വീനര്‍മാര്‍.