പ്രസവിക്കാന്‍ ആശുപത്രി വേണ്ടെന്ന്; യു എസ് യുവതിക്ക് ഹോംസ്‌റ്റേയില്‍ സുഖ പ്രസവം

Posted on: July 5, 2016 12:13 am | Last updated: July 5, 2016 at 12:13 am
SHARE
കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍          അമേരിക്കയില്‍ നിന്ന് കേരളം   സന്ദര്‍ശിക്കാനെത്തിയ യുവതിക്ക് പിറന്ന പെണ്‍കുഞ്ഞ്
കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ അമേരിക്കയില്‍ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയ യുവതിക്ക് പിറന്ന പെണ്‍കുഞ്ഞ്

മട്ടാഞ്ചേരി: കൊച്ചിയില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശ വനിതക്ക് ഹോംസ്‌റ്റേയില്‍ സുഖ പ്രസവം. അമേരിക്കയില്‍ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടണിക്കാണ് കൊച്ചി കൂവപ്പാടത്തെ ആദംസ് ഹോംസ്‌റ്റേയില്‍ പെണ്‍കുഞ്ഞ് ജനിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പോകാമെന്ന് ഹോംസ്‌റ്റേ ഉടമ പറഞ്ഞപ്പോള്‍ പഴയ കേരളീയ രീതിയില്‍ തന്നെ പ്രസവം മതിയെന്ന വാശിയിലായിരുന്നു ബ്രിട്ടണിയും ഭര്‍ത്താവ് മിച്ചലും. ഞായറാഴ്ച വൈകിട്ട് 3.55നായിരുന്നു പ്രസവം. ഭര്‍ത്താവ് മിച്ചല്‍ തന്നെയാണ് പ്രസവം നടത്തിയത്. ഹോംസ്‌റ്റേ ഉടമ ഫിറോസും കുടുംബവും ആശുപത്രിയില്‍ പോകാന്‍ എത്ര നിര്‍ബ്ബന്ധിച്ചിട്ടും അത് വകവെക്കാതെ ഹോംസ്‌റ്റേയിലെ മുറിയില്‍ തന്നെ ജന്മം നല്‍കിയ കുഞ്ഞിന് പേസ് എന്ന പേരാണ് മാതാപിതാക്കള്‍ നല്‍കിയത്.അതേസമയം ആദംസ് ഹോംസ്‌റ്റേയില്‍ ജനിച്ച കുഞ്ഞിനെ ഹോംസ്‌റ്റേ ഉടമ ഫിറോസും കുടുംബവും വിളിച്ചത് ഹവ്വയെന്നാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വീട്ടില്‍ പ്രസവം എന്നത് ഒരു കഥയായി മാറിയ സാഹചര്യത്തിലാണ് വിദേശ യുവതിയുടെ പ്രസവം എന്നത് ശ്രദ്ധേയമാണ്. കുഞ്ഞിനെ കാണാന്‍ ഹോംസ്‌റ്റേ ഉടമ ഫിറോസ് ഖാന്റെ വസതിയില്‍ അയല്‍വാസികളും ബന്ധുക്കളും എത്തി.പ്രസവത്തിന് ശേഷം അമ്മയേയും കുഞ്ഞിനേയും പ്രാഥമിക ശുശ്രൂഷക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.