Connect with us

Gulf

അല്‍ മന്‍ഹലിന്റെ അപൂര്‍വ രേഖകള്‍ ഡിജിറ്റലായി ഖത്വര്‍ നാഷനല്‍ ലൈബ്രറിയില്‍

Published

|

Last Updated

ദോഹ: ഉന്നത നിലവാരത്തിലുള്ള അറബി റഫറന്‍സിന് അവസരമൊരുക്കി 14000 അപൂര്‍വ രേഖകള്‍ കൂടി ഖത്വര്‍ നാഷനല്‍ ലൈബ്രറി (ക്യു എന്‍ എല്‍) ഡിജിറ്റലാക്കുന്നു. ഇതിനു വേണ്ടി അല്‍ മന്‍ഹലുമായി ക്യു എന്‍ എല്‍ കരാര്‍ ഒപ്പുവെച്ചു.
വ്യവസായം, സാമ്പത്തികശാസ്ത്രം, വിദ്യാഭ്യാസം, ഇസ്‌ലാമിക് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം, ഭാഷ, സാഹിത്യം, നിയമം, രാഷ്ട്രമീമാംസ, അന്താരാഷ്ട്ര സമ്പര്‍ക്കം, ചരിത്രം, ഭൂമിശാസ്ത്രം, ജീവശാസ്ത്രം, സമകാലീന റഫറന്‍സ്, പൈത്രം, മാധ്യമവും ആശയവിനിമയവും, കല, ശാസ്ത്രം, ആറ് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പഠന സാമഗ്രികള്‍ അടമക്കമുള്ളത് ഇതില്‍ ലഭ്യമാണ്. അറബ് ലോകത്ത് നിന്നുള്ള ഇ ബുക്കുകള്‍, ഇ ജേണലുകള്‍, ഇ തീസിസ്, തന്ത്രപ്രധാന റിപ്പോര്‍ട്ടുകള്‍, സമ്മേളന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗവേഷണ സംബന്ധിയായ ഫുള്‍ ടെക്സ്റ്റ് ഡാറ്റാബേസ് നല്‍കുന്ന സംഘമാണ് അല്‍ മന്‍ഹല്‍.
ലോകത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കരാറിലെത്തുക വഴി വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സമൂഹത്തിനും തന്ത്രപ്രധാന വിവര ശേഖരം വിപുലമാക്കാനുള്ള അവസരമാണ് ക്യു എന്‍ എല്ലിന് ലഭിക്കുന്നതെന്ന് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ സഅദി അല്‍ സെയ്ദ് പറഞ്ഞു. രാജ്യത്തെ സമൂഹങ്ങള്‍ക്കിടയില്‍ അറിവ് പ്രചരിപ്പിക്കല്‍, വായനാ സംസ്‌കാരം പുഷ്ടിപ്പെടുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് ക്യു എന്‍ എല്ലിനുള്ളത്.
ഗവേഷണ മൂല്യമുള്ള അറബി പഠനസാമഗ്രികള്‍ ഡിജിറ്റല്‍ രൂപത്തില്‍ ക്യു എന്‍ എല്ലിന് നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അല്‍ മന്‍ഹല്‍ സി ഇ ഒ മുഹമ്മദ് അല്‍ ബഗ്ദാദി പറഞ്ഞു.
പുതിയ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍, ക്ലാസിക് ഗ്രന്ഥങ്ങള്‍, സംഗീതമേള, അക്കാദമിക് ജേണല്‍, രേഖകള്‍ തുടങ്ങിയവയും ഒറ്റ സൈ്വപിലൂടെ സ്മാര്‍ട്ട് ഫോണിലും ടാബുകളിലും ലഭ്യമാക്കുന്നതാണ് ക്യു എന്‍ എല്ലിന്റെ ഓണ്‍ലൈന്‍ സേവനം. കാലാവധിയുള്ള ഖത്വര്‍ ഐ ഡിയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള ആര്‍ക്കും സൗജന്യമായി ലൈബ്രറിയില്‍ രജിസ്റ്റര്‍ ചെയ്യാം.

Latest