ഹമൂര്‍ മത്സ്യത്തിന് കിലോയ്ക്ക് 90 റിയാല്‍

Posted on: July 4, 2016 9:00 pm | Last updated: July 4, 2016 at 9:00 pm
SHARE

ദോഹ: മത്സ്യവിപണിയില്‍ ഹമൂറിന് വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം കിലോയ്ക്ക് 90 റിയാലിനുവില്‍പ്പന നടത്തിയ മത്സ്യത്തിന് പെരുന്നാള്‍ വിപണി ചൂടു പിടിക്കുന്നതോടെ 100 കവിയുമെന്നു കരുതുന്നു. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 90 റിയാലായിരുന്നു വിലയെങ്കിലും ചില്ലറ വിപണയില്‍ കൂടുതലായിരുന്നുവെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റമസാന്‍ പകുതി പിന്നിട്ടതോടെയാണ് മത്സ്യവില കുത്തനെ ഉയര്‍ന്നത്. ആവശ്യക്കാരേറിയതാണ് കാരണം. കഴിഞ്ഞ ദിവസം കാറ്റുള്ള കാലാവസ്ഥ കാരണം മത്സ്യലഭ്യത കുറഞ്ഞതും വില ഉയരാന്‍ കാരണമായി. കടലിലും കാറ്റുവീശുന്നത് മത്സ്യബന്ധനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിരുന്നു ശക്തമായ കാറ്റ്. കാറ്റിനു പുറമേ ശക്തമായ ചൂട് കാരണം മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ ചെലവിടുന്ന സമയവും മീന്‍ പിടിത്തത്തിന്റെ അളവും കുറച്ചിട്ടുണ്ട്. ഇതും മീന്‍ ലഭ്യതക്കുറിവിനും വില ഉയരുന്നതിനും കാരണമായതായി മത്സ്യവ്യാപാര രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം അടുത്ത ദിവസങ്ങളില്‍ ഉപഭോഗം കുറഞ്ഞാല്‍ മത്സ്യ വില കുറയുമെന്നും ചൂണ്ടിക്കാണിക്കുന്നു. റമസാന്‍ അവസാനിച്ചതിനൊപ്പം പെരുന്നാള്‍ അവധിക്ക് പ്രവാസികളില്‍ വലിയൊരു വിഭാഗം സ്വന്തം നാട്ടിലേക്കു പോകുന്നതാണ് കാരണം. ശമാല്‍ ശാഫി മീന്‍ ഇന്നലെ 50 റിയാലിനാണ് വില്‍പ്പന നടത്തിയത്. ഐലയുടെ വില 17 റിയാലാണ്. ഐകൂറയുടെ വില താരതമ്യേന കുറവാണ്. 33 റിയാലിനാണ് കഴിഞ്ഞ ദിവസം കച്ചവടം നടന്നത്. അതേസമയം ലഭ്യത കുറഞ്ഞാല്‍ ഈ മത്സ്യത്തിനും വില കൂടും.