ഖത്വറിന് 100 കോടി ഡോളര്‍ തിരിച്ചു നല്‍കി

Posted on: July 4, 2016 8:57 pm | Last updated: July 4, 2016 at 8:57 pm
SHARE

ദോഹ: ഈജിപ്തിന് ഖത്വര്‍ നല്‍കിയിരുന്ന 100 കോടി ഡോളര്‍ തിരിച്ചടച്ചതായി ഈജിപ്ത് സെന്‍ട്രല്‍ ബേങ്ക്. 2011ല്‍ ഈജിപ്തില്‍ ഭരണമാറ്റത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ നല്‍കിയ സാമ്പത്തിക സഹായമാണ് തിരിച്ചു നല്‍കിയത്.
ഖത്വറിന് തുക തിരിച്ചു നല്‍കിയെന്ന വാര്‍ത്ത ഈജിപ്‌സ്ത് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ താരിഖ് അമീര്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം നടത്താന്‍ അദ്ദേഹം സന്നദ്ധനായില്ല. സാമ്പത്തിക ബാധ്യതകള്‍ കൊടുത്തു തീര്‍ക്കുന്നതിന്റെ ഭാഗമായാണ് തുക തിരിച്ചു നല്‍കുന്നതെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു. അവസാനം തിരിച്ചടക്കുന്ന പണം ഖത്വറിന്റെതാണ്. നേരത്തേ ഭരണം പ്രതിസന്ധിയിലായപ്പോള്‍ അറബ് രാജ്യങ്ങള്‍ ഈജിപ്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. ചെറിയ രാജ്യമായ ഖത്വര്‍ സാമ്പത്തിക സഹായത്തിനു പുറമേ ഊര്‍ജ സഹായവും നല്‍കിയിരുന്നു. ഭരണ പ്രതിസന്ധി നേരിട്ട 2011 മുതല്‍ ഈജിപ്ത് സാമ്പത്തികമായി പ്രയാസം നേരിടുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിസത്തിലൂടെയും വിദേശ നിക്ഷേപത്തിലൂടെയും സാമ്പത്തിക ഭദ്രത കൈവരിക്കാനാണ് രാജ്യം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.