മൂന്ന് മാസമായി ശമ്പളമില്ല; അജ്മാനില്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു

Posted on: July 4, 2016 7:14 pm | Last updated: July 4, 2016 at 7:14 pm
SHARE

അജ്മാന്‍: വേതനം ലഭിക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച് ആയിരത്തി മുന്നൂറോളം വരുന്ന തൊഴിലാളികള്‍ തെരുവിലിറങ്ങി. അബുദാബി ആസ്ഥാനമായി പ്രവൃത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ അജ്മാന്‍ ശാഖയിലെ തൊഴിലാളികളാണ് സംഘടിച്ച് അല്‍ ജുര്‍ഫ് മേഖലയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. അറിയിപ്പു ലഭിച്ചയുടന്‍ പോലീസ് സംഭവസ്ഥലത്തേക്ക് കുതിക്കുകയും പ്രതിഷേധക്കാരെ ശാന്തരാകുകയും ചെയ്തു. ആരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ല. ഹ്യൂമണ്‍ റിസോര്‍സ് മന്ത്രാലയത്തിലെയും പോലീസുദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ ശമ്പള കുടിശ്ശിക ഈ മാസം കൊടുത്ത് തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയതായി അജ്മാന്‍ പോലീസ് കമാണ്ടര്‍-ഇന്‍-ചീഫ് ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു.

മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് വേതനം ലഭിച്ചിരുന്നില്ല, ഇതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അഭ്യൂഹങ്ങള്‍ പടര്‍ത്തരുതെന്നും തൊഴിലാളികളോട് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കമ്പനി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.