Connect with us

National

അഴിമതി ആരോപണം; അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെയും മറ്റു നാലു പേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക പദവിയിലിരിക്കെ 2007 മുതല്‍ രാജേന്ദ്ര കുമാര്‍ സ്വകാര്യ കമ്പനിയെ പ്രമോട്ട് ചെയ്തതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിക്ക് 9.5 കോടി രൂപയുടെ കരാര്‍ സംഘടിപ്പിച്ചു നല്‍കിയെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. 50 കോടിയുടെ അഴിമതിക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

രാജേന്ദ്രകുമാറിന്റെ ഓഫീസില്‍നിന്നു പിടിച്ചെടുത്ത രേഖകളില്‍ ഗൂഢാലോചന വ്യക്തമാണെന്നും സിബിഐ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രാജേന്ദ്രകുമാറിന്റെ ഡല്‍ഹി സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ആണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപണവിധേയനായ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടിയാണ് സി.ബി.ഐ എത്തിയതെന്ന് കെജരിവാള്‍ ആരോപിച്ചിരുന്നു.

അറസ്റ്റിനെതിരേ ആം ആദ്മി പാര്‍ട്ടി നേതൃത്വം രംഗത്തെത്തി. കേജരിവാള്‍ സര്‍ക്കാരിനെ നിര്‍ജീവമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്് സിസോദിയ ആരോപിച്ചു.

Latest