ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ഇ കാര്‍ഡ് തയ്യാറാക്കുന്നു

Posted on: July 4, 2016 5:28 pm | Last updated: July 4, 2016 at 5:28 pm
SHARE

പാലക്കാട്:ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് ഇ–കാര്‍ഡ് തയാറാക്കുന്നു. പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ലക്ഷം ഇ–കാര്‍ഡുകള്‍ ആദ്യ ഘട്ടത്തില്‍ നല്‍കും. ഇതര സംസ്ഥാന തൊഴിലാളിക്കു താമസസൗകര്യം നല്‍കുന്നയാളോ തൊഴിലുടമയോ ഇവരുടെ പ്രാഥമിക വിവരം സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ നല്‍കണം. തുടര്‍ന്നു പോലീസ് താമസ സ്ഥലത്തെത്തി തൊഴിലാളിയുടെ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ടാബ്‌ലെറ്റില്‍ രേഖപ്പെടുത്തും. കേരളത്തിലെ വിവരങ്ങള്‍ക്കു പുറമെ സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം, ഫോട്ടോ എന്നിവയാണു ശേഖരിക്കുക. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ എന്നിവയെ വിവരശേഖരണത്തിന് ആശ്രയിക്കും.

പോലീസിന്റെ ഡാറ്റ സര്‍വറിലേക്കു വിവരങ്ങള്‍ ശേഖരിക്കപ്പെടും. തുടര്‍ന്നു പോലീസ് ഇ–കാര്‍ഡ് അനുവദിക്കും. പോലീസിന് മൊബൈലില്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചു കാര്‍ഡിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മുഴുവന്‍ വിവരങ്ങളും മനസിലാക്കാം. ജോലി സ്ഥലം മാറിയാലും തൊഴിലാളിയുടെ വിവരങ്ങള്‍ പോലീസിനു പെട്ടെന്നുതന്നെ അറിയാനാകും. നിലവില്‍ സംസ്ഥാനത്തുള്ള ഇതര തൊഴിലാളികള്‍ക്കു സുരക്ഷിതത്വം നല്‍കുകയും ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജോലിക്കു വെക്കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയുമാണ് ഉദ്ദേശ്യം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു കാര്‍ഡ് തയാറാക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. ഇതിനായി 15 ലക്ഷം രൂപയും അനുവദിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്കാണു പദ്ധതിയുടെ ചുമതല. പാലക്കാട് ജില്ലയിലെ ഡി വൈ എസ്പിമാരായ എം എല്‍ സുനില്‍, വി എസ് മുഹമ്മദ് കാസിം എന്നിവര്‍ നോഡല്‍ ഓഫിസര്‍മാരാണ്. കൊച്ചി ആസ്ഥാനമായ മോബിസ് ഇന്ററേഷനാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.