വിദേശ രാജ്യങ്ങളിലെ സന്ദര്‍ശന വേളയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് ദുബൈ വിദേശകാര്യ മന്ത്രാലയം

Posted on: July 4, 2016 5:14 pm | Last updated: July 12, 2016 at 8:03 pm
SHARE

UAE TRADITIONAL DRESSദുബൈ:ഒഴിവു ദിവസങ്ങളിലും മറ്റുആവശ്യങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശന സമയത്ത് സുരക്ഷ മുന്‍നിര്‍ത്തി രാജ്യത്തെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കരുതെന്നും പരിധിയില്‍ കവിഞ്ഞ് പണം കൈയ്യില്‍ കരുതുന്നതിനും സ്വദേശി പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വിദേശത്തായിരിക്കുമ്പോള്‍ പൊതു ഇടങ്ങളില്‍ കന്തൂറ പോലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പുരുഷന്‍മാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒഹിയോവില്‍ അബൂദബി സ്വദേശിയും ബിസിനസുകാരനുമായ അഹ്മദ് അല്‍ മെന്‍ഹാലിയെ ദാഇശ് സംഘാംഗമാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് പിടികൂടുകയും പരിശോധനകള്‍ക്ക് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിശോധനകള്‍ക്കിടെ യുവാവ് ബോധരഹിതനാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവിധ വിദേശമാധ്യമങ്ങളോടൊപ്പം സിറാജും ഇന്നലെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാഷിംഗ്ടണ്ണിലെ യു എ ഇ സ്ഥാനപതി കാര്യാലയം മുഖേന സംഭവത്തില്‍ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. ഇതിനിടെ അവോണ്‍ സിറ്റി പോലീസ് മേധാവി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശി പൗരന്മാര്‍ക്ക് യാത്ര നിബന്ധനകളടങ്ങുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

ഷെങ്ങന്‍ രാജ്യങ്ങളിലേക്കും വിശിഷ്യാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര വേളയിലാണ് പ്രസ്തുത നിബന്ധനകള്‍ അനുസരിച്ച് സ്വദേശി പൗരന്മാര്‍ യാത്ര ചെയ്യേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍ സര്‍വീസുകളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് ഇല്‍ഹാം അല്‍ദഹരി പറഞ്ഞു.
ചില വിദേശ രാജ്യങ്ങളില്‍ പൊതുഇടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. സ്വദേശികള്‍ ഇത്തരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഈ വസ്ത്രധാരണരീതി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ബല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്, സ്‌പെയിനിലെ ബാര്‍സിലോണ, ജര്‍മനി- ഇറ്റലി എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ബുര്‍ഖ നിരോധനം നിലവിലുണ്ട്. ഈ മാസം ആദ്യത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ടിസിനോ ജില്ലയില്‍ ബുര്‍ഖ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായി ലോക്കാര്‍ണോ നഗരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് കൈവശം കറന്‍സികള്‍ സൂക്ഷിക്കുന്നതിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ധനവിനിയോഗത്തിന് എ ടി എം കാര്‍ഡുകള്‍ ഉപയോഗിക്കണമെന്നും വിനോദ സഞ്ചാരികള്‍ സുരക്ഷിതമായ താമസയിടങ്ങള്‍ തിരഞ്ഞെടുക്കണമെന്നും മുന്നറിയിപ്പില്‍ അടിവരയിടുന്നു.

എന്നാല്‍ അറബ് വംശജരോടും മുസ്‌ലിം വിനോദ സഞ്ചാരികളോടും പാശ്ചാത്യന്‍ നഗരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകൊണ്ടു വരുന്ന മോശം പ്രവണതകളില്‍ അറബ് മേഖല ആശങ്കയിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്രതമനുഷ്ഠിച്ചിരുന്ന അറബ് വംശജയായ യുവതിയുടെ ഹിജാബ് അഴിച്ചു പരിശോധന നടത്തിയ ചിക്കാഗോ പോലീസിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകള്‍ കര്‍ക്കശമാക്കുന്ന പശ്ചാത്തലത്തില്‍ താരതമ്യേന സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യങ്ങളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര തിരഞ്ഞെടുക്കുന്ന തിരക്കിലാണ് സ്വദേശീ സഞ്ചാരികള്‍.