നെടുമ്പാശ്ശേരിയില്‍ പിഡിപി പ്രതിഷേധം അക്രമാസക്തമായി; പോലീസ് ലാത്തി വീശി

Posted on: July 4, 2016 3:02 pm | Last updated: July 4, 2016 at 3:03 pm
SHARE

PDP INDIGO OFFICEകൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് വിമാനയാത്ര നിഷേധിച്ചതിന് എതിരെ പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലെ ചില്ല് തകര്‍ത്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഓഫിസിന് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധം അതിരുവിട്ടതോടെ പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിക്ക് എട്ട് ദിവസത്തേക്ക് കേരളത്തിലേക്ക് വരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് കേരളത്തിലേക്ക് വരുന്നതിനായി ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനക്കമ്പനി യാത്രക്ക് അനുമതി നല്‍കിയില്ല. സുരക്ഷാ ഗാര്‍ഡുകളെയുമായി വിമാനത്തില്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതേതുടര്‍ന്നാണ് പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

മഅദനിക്ക് യാത്ര നിഷേധിച്ച ഇൻഡിഗോ വിമാനം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധം ചൂടുപിടിച്ചിട്ടുണ്ട്.