ഐസ്‌ക്രീം പാര്‍ലര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹരജി തള്ളി

Posted on: July 4, 2016 12:57 pm | Last updated: July 5, 2016 at 11:16 am
SHARE

VS SUPREME COURT

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയുടെ സമയം ചെലവഴിക്കരുതെന്ന് വിഎസിനെ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ വിമര്‍ശിക്കുകയും ചെയ്തു. വിഎസിന്റെ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കേസ് സിബിഐ അന്വേഷണത്തിന് വിടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകൻ എംകെ ദാമോദരന് എതിരെ രൂക്ഷമായ ആരോണപങ്ങളാണ് വിഎസ് കോടതിയിൽ ഉന്നയിച്ചത്. ദാമോദരനാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്ന് വിഎസിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ദാമോദരൻ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ സാഹചര്യത്തിൽ കേസ് കൂടുതൽ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു വിഎസിന്റെ നിലപാട്.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിഎസിന്റെ ഹരജി. ഈ ആവശ്യത്തെ നേരത്തെ യുഡിഎഫ സര്‍ക്കാറും എതിര്‍ത്തിരുന്നു.