Connect with us

National

രജത് വധം: പ്രതിയെ മുതിര്‍ന്ന കുറ്റവാളിയായി കണക്കാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് സമനായി കണക്കാക്കുന്നതിന് പോലീസ് നീക്കം തുടങ്ങി. കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ പ്രതിക്ക് കഴിവുണ്ടെന്ന് വാദിക്കുന്ന പോലീസ്, ഇതുസംബന്ധിച്ച് അനുമതിക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ്.
കേസിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ച പോലീസ്, പാന്‍മസാല കച്ചവടക്കാരന്റെ മൂത്ത മകന്റെ പ്രായപൂര്‍ത്തി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളായ മലയാളി കുട്ടികളുടെ രഹസ്യമൊഴിയെടുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ഇന്നലെ വന്‍ പ്രതിഷേധ യോഗം ചേര്‍ന്നു. കൊലയാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് യോഗത്തില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
ജൂണ്‍ 29ന് രാത്രിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രജത്തിനെ പാന്‍മസാല വില്‍പ്പനക്കാരനും മക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയയാള്‍ പിറ്റേദിവസം രാവിലെ വീണ്ടും കട തുറന്നിരുന്നു. നാട്ടുകാരും മലയാളി അസോസിയേഷനും പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Latest