Connect with us

Ramzan

വിശ്വാസം ദൃഢപ്പെടുത്തുക

Published

|

Last Updated

ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചുനില്‍ക്കാനും ഏതു വീഴ്ചയില്‍നിന്ന് കരകയറാനും ഒരു വഴിയുണ്ട്; അല്ലാഹുവിലുള്ള വിശ്വാസം. അത് മനുഷ്യന് ശക്തി നല്‍കും. ഒരു മനഃശാസ്ത്ര വിദഗ്ധനും ഡോക്ടര്‍ക്കും ശാസ്ത്രത്തിനും ഇതിനപ്പുറം പറയാനുണ്ടാകില്ല.

കൈവിട്ടുപോയി എന്നു കരുതുന്ന ജീവിതത്തെ തിരിച്ചുപിടിക്കാന്‍ അല്ലാഹുവിലുള്ള സംശയരഹിതമായ വിശ്വാസം വേണം. അല്ലാഹു പറയുന്നു: “”സഹകക്ഷികളെ കണ്ടപ്പോള്‍ വിശ്വാസികള്‍ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതരും നമ്മോട് വാഗ്ദാനം ചെയ്തതാണിത്. അല്ലാഹുവും അവന്റെ ദൂതരും പറഞ്ഞത് സത്യമാണ്. അത് അവര്‍ക്ക് വിശ്വാസത്തെയും അനുസരണയെയും മാത്രമേ വര്‍ധിപ്പിച്ചിട്ടുള്ളൂ”” (അഹ്‌സാബ്).
1920 കളില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായിരുന്നു ഡെയില്‍ കാര്‍ണിജി. തന്റെ ജീവിതാരംഭത്തില്‍ തീര്‍ത്തും ദരിദ്രനായിരുന്ന ഇദ്ദേഹം നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് വിജയിച്ചവനാണ്. തൊഴിലാളിയായി ജീവിച്ച് ഫാക്ടറി തുടങ്ങി വലിയ സ്റ്റീല്‍ വ്യവസായിയായി. എന്നിട്ടും ഡെയില്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എന്താണ് കാരണം? ദൈവവിശ്വാസത്തിന്റെ അഭാവം. പതര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തിക്കായി ഒരു കേന്ദ്രത്തെ കണ്ടെത്തിയില്ല.
വിശ്വാസിക്ക് പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ശക്തി അവനിലുണ്ടാകും. അല്ലാഹു പറയുന്നു: “”നീ ഒരു കാര്യം തീരുമാനിച്ചാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുക””. ഏതൊരു പ്രവൃത്തിക്കുവേണ്ടി മുന്നിട്ടിറങ്ങുമ്പോഴും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന വ്യക്തിക്ക് അതില്‍ സംഭവിക്കുന്ന വീഴ്ചകളും പരാജയങ്ങളും അല്ലാഹുവിന്റെ വിധികൊണ്ട് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കി മുന്നേറാന്‍ കഴിയും. ദൃഢമായി അല്ലാഹുവിനെ വിശ്വസിക്കുന്നവര്‍ക്കും അവനിലേക്ക് ഭരമേല്‍പ്പിക്കുന്നവര്‍ക്കും അവന്റെ വിധിയില്‍ സംതൃപ്തി കാണിക്കുന്നവര്‍ക്കും ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയും.
വ്യക്തിത്വ വികസനവും ജീവിതവിജയവുമെന്ന പുറംവാക്ക് കൊണ്ട് ഭൗതികന്മാര്‍ തുറന്നുവിടുന്ന അര്‍ഥശൂന്യമായ സിദ്ധാന്തങ്ങള്‍ മനുഷ്യജീവിതത്തിന് പര്യാപ്തമായി വരുന്നില്ല. യഥാര്‍ഥ വിജയവും സന്തോഷവും സംതൃപ്തിയും പ്രപഞ്ചത്തെ സൃഷ്ടിച്ചവനും മനുഷ്യനെയും മനസ്സിനെയും അറിയുന്നവനുമായ അല്ലാഹുവിന്റെ കല്‍പ്പനകളും പ്രഖ്യാപനങ്ങളും അറിഞ്ഞു ജീവിക്കുന്നതിലൂടെ ലഭിക്കുന്നതാണ്.

---- facebook comment plugin here -----

Latest