അത് ഇസില്‍ തന്നെയോ?

Posted on: July 4, 2016 6:09 am | Last updated: July 3, 2016 at 11:31 pm
SHARE

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ ഭീകരാക്രമണമാണ് ധാക്കയിലെ ഗുല്‍ഷന്‍ നയതന്ത്ര മേഖലയില്‍ നടന്നത്. വിദേശികള്‍ പതിവായി എത്തുന്ന ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി റസ്റ്റോറന്റില്‍ എത്തിയ ഭീകര സംഘം നിരവധി പേരെ വെടിവെച്ചു വീഴ്ത്തി. അറുപതിലധികം പേരെ ബന്ദികളാക്കി. മണിക്കൂറുകള്‍ നീണ്ട അനുനയ സംഭാഷണങ്ങളൊന്നും ഫലിക്കാതെ വന്നതോടെ ബംഗ്ലാദേശ് സമയം ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ഓപറേഷന്‍ തണ്ടര്‍ ബോള്‍ട്ട് എന്ന് പേരിട്ട പട്ടാള നടപടി തുടങ്ങി. 13 മിനുട്ടിനകം നടപടി പൂര്‍ത്തിയെന്നാണ് ബംഗ്ലാദേശ് ബ്രിഗേഡിയര്‍ ജനറല്‍ നഈം അശ്ഫാഖ് ചൗധരി അറിയിച്ചത്. 20 വിദേശികള്‍ മരിച്ചു. ആറ് ഭീകരരെ സൈന്യം വധിച്ചു. 13 ബന്ദികളെ മോചിപ്പിച്ചു. സൈനിക നടപടി ഏറെ വൈകാതെ പൂര്‍ത്തിയാക്കാനായതിലും ഒരു ഭീകരനെ ജീവനോടെ പിടിക്കാനായതിലും ബംഗ്ലാദേശ് സുരക്ഷാ വിഭാഗങ്ങള്‍ക്ക് ആശ്വസിക്കാം. ഇത്തരം സംഭവങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന സന്ദേശം ലോകത്തിന് മുമ്പില്‍ വെക്കാന്‍ ഇത് ശേഖ് ഹസീന സര്‍ക്കാറിന് ആത്മവിശ്വാസം നല്‍കും.
അപ്പോഴും കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ അയല്‍ രാജ്യം അങ്ങേയറ്റം അശാന്തമാണെന്ന വസ്തുത വാ പിളര്‍ന്നു നില്‍ക്കുന്നു. ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും സന്നദ്ധ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും 2013 മുതല്‍ നിരന്തരം ആക്രമണം നടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളെല്ലാം അരുംകൊലകളിലും കലാപങ്ങളിലുമാണ് കലാശിക്കുന്നത്. ഇത്തരം സംഭവങ്ങളെല്ലാം കാണിക്കുന്നത് രാജ്യത്തിന്റെ മൊത്തം സുരക്ഷാ നിലവാരം തകര്‍ന്ന് തരിപ്പണമായിരിക്കുന്നുവെന്ന് തന്നെയാണ്. പരാജിത രാഷ്ട്രമെന്ന് പാശ്ചാത്യര്‍ക്ക് മുദ്ര കുത്താവുന്ന നിലയിലേക്കാണ് ബംഗ്ലാദേശ് സഞ്ചരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഈ സ്ഥിതിവിശേഷത്തിന്റെ തുടര്‍ച്ച വ്യക്തമാക്കുന്നതാണ്. ഹിന്ദു പുരോഹിതനെയും ബുദ്ധ നേതാവിനെയും വെട്ടിക്കൊന്നതിന്റെ നടുക്കം മാറും മുമ്പേ മറ്റൊരു പുരോഹിന് നേരെ കൂടി ആക്രമണമുണ്ടായി. സത്കിറ ജില്ലയിലെ ശ്രീ ശ്രീ രാധഗോവിന്ദ ക്ഷേത്രത്തിലെ ബാബാ സിന്ധു റായിക്കാണ് വേട്ടറ്റത്. തീവ്ര മതേതരവാദികളായ ബ്ലോഗര്‍മാര്‍, ജമാഅത്ത് ഇസ്‌ലാമി അടക്കമുള്ള ഗ്രൂപ്പുകള്‍ക്കെതിരെ പ്രചാരണം നടത്തുന്ന നിസാമുദ്ദീന്‍ സമദിനെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരെല്ലാം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇതില്‍ പലതിന്റെയും ഉത്തരവാദിത്വം ഇസില്‍ സംഘമാണ് ഏറ്റെടുക്കാറുള്ളത്. ഗുല്‍ഷന്‍ ഭീകരാക്രമണത്തിന്റെ കാര്യത്തിലും അതുണ്ടായിട്ടുണ്ട്. ഇസില്‍ നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സിയിലാണ് ഉത്തരവാദിത്വമേറ്റുള്ള സന്ദേശം വന്നത്. ബംഗ്ലാദേശ് സര്‍ക്കാറോ അന്താരാഷ്ട്ര നിരീക്ഷക ഏജന്‍സികളോ ഈ ഉത്തരവാദിത്വമേല്‍ക്കലിനെ പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല. ഭീകരാക്രമണത്തിന് പിന്നില്‍ ഇസില്‍ അല്ലെന്നും ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയാണെന്നുമാണ് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. പത്ത് വര്‍ഷത്തിലധികമായി ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുന്ന സംഘടനയാണ് ജംഇയത്തുല്‍ മുജാഹിദീന്‍.
രാജ്യത്ത് അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പ്രവര്‍ത്തനമില്ലെന്നാണ് പ്രധാനമന്ത്രി ശേഖ് ഹസീനയും ആണയിടുന്നത്. തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള ഇസ്‌ലാമിസ്റ്റ് സംഘങ്ങളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലെല്ലാമെന്ന് അവര്‍ പറയുന്നു. ഇതിന് ഉപോത്ബലകമായി അവര്‍ മുന്നോട്ട് വെക്കുന്ന ചില കാര്യങ്ങള്‍ യുക്തിസഹമാണ്. 2009ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം യുദ്ധക്കുറ്റ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവര്‍ സജീവമാക്കിയിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് പാക് പക്ഷം ചേര്‍ന്ന് കൂട്ടക്കൊലകളും ബലാത്സംഗങ്ങളും നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നത് ഒരു രാഷ്ട്രീയ അജന്‍ഡയായി നടപ്പാക്കുകയായിരുന്നു അവര്‍. നിരവധി ജമാഅത്തെ ഇസ്‌ലാമി പ്രമുഖരെ ഇതിനകം യുദ്ധക്കുറ്റത്തില്‍ വിചാരണ ചെയ്ത് തൂക്കിലേറ്റി. അബ്ദുല്‍ ഖാദര്‍ മുല്ലയുടെ ജീവപര്യന്തം വധശിക്ഷയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ശാബാഗ് ചത്വരത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പ്രക്ഷോഭം അരങ്ങേറി. അന്ന് പ്രക്ഷോഭത്തിന്റ മുന്‍ നിരയില്‍ നിന്നവരാണ് പിന്നീട് കൊല്ലപ്പെട്ടത് എന്നതിനാല്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളിലേക്ക് സംശയത്തിന്റെ മുന നീളുന്നു. അതിനര്‍ഥം നയതന്ത്ര മേഖലയില്‍ നടന്ന ഭീകരാക്രമണം അത്തരക്കാര്‍ നടത്തിയതാണെന്ന് തീര്‍ത്ത് പറയുകയല്ല. അത് ഇസിലിന്റെ ചെയ്തി തന്നെയാകാം. പക്ഷേ, ഇസ്‌ലാമിസ്റ്റുകളും ഇസില്‍ സംഘവും പല നിലകളില്‍ പ്രത്യയശാസ്ത്ര പൂരകത്വം പുലര്‍ത്തുന്നുവെന്നത് കാണാതിരിക്കാനാകില്ല. ഹസീന സര്‍ക്കാര്‍ പറയുന്നതിനെ മറ്റൊരു തലത്തിലാണ് കാണേണ്ടത്. ഇസില്‍ തീവ്രവാദികള്‍ക്ക് വേരാഴ്ത്താനാകും വിധം മണ്ണൊരുക്കാന്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടിയുടെയും നിലപാടുകള്‍ കാരണമായിട്ടുണ്ട്. രാജ്യം മതേതരമാണോ മതാത്മകമാണോ എന്ന ചര്‍ച്ച അപകടകരമായ നിലയിലേക്ക് കൊണ്ടു പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ജമാഅത്തുകാര്‍ക്ക് മാറി നില്‍ക്കാനാകില്ല. ഈയിടെ നടന്ന കൊലപാതകങ്ങളില്‍ ശേഖ് ഹസീന എടുത്ത അഴകൊഴമ്പന്‍ സമീപനവും പ്രതിക്കൂട്ടില്‍ നില്‍ക്കണം. ബ്ലോഗര്‍മാര്‍ എഴുതിയതിന് ശമ്പളം കിട്ടിയെന്ന തരത്തില്‍ അവര്‍ നടത്തിയ പ്രതികരണം സുരക്ഷാ സംബന്ധമായി പരമാബദ്ധം തന്നെയായിരുന്നു.
‘ഇവരെന്ത് മുസ്‌ലിംകളാണ്, ഇവര്‍ക്ക് മതമില്ല’ ധാക്കാ ആക്രമണത്തിലെ തീവ്രവാദികളെക്കുറിച്ച് ശേഖ് ഹസീന പറഞ്ഞതിങ്ങനെയാണ്. അത് ഇങ്ങനെ മാറ്റി വായിക്കാം. ഇവരെന്ത് മനുഷ്യരാണ്. ഇവര്‍ക്ക് മനുഷ്യ കുലത്തില്‍ സ്ഥാനമില്ല. എല്ലാ തരം തീവ്രവാദ പ്രവണതകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ജാഗ്രത്താകുക എന്നതാണ് ഇത്തരം ക്രൂരതകള്‍ നമ്മിലേല്‍പ്പിക്കുന്ന ദൗത്യം. അന്താരാഷ്ട്ര സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന വന്‍ ശക്തികളുടെ ഡ്രോണ്‍ ആക്രമണമല്ല, സമാധാന കാംക്ഷികളുടെ ഐക്യനിരയാണ് തീവ്രവാദത്തിന് അന്ത്യം കുറിക്കുക.