ജയിലില്‍ നിന്ന് പുറത്തിറങ്ങി വീണ്ടും ക്രൂരകൃത്യം; പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Posted on: July 4, 2016 12:22 am | Last updated: July 3, 2016 at 11:23 pm
SHARE

ഹൈദരാബാദ്: ഏതാനും ദിവസം മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയയാള്‍ പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. സെക്കന്തരാബാദിലാണ് സംഭവം. എട്ട് ബലാത്സംഗ കേസുകളില്‍ പ്രതിയായ അനില്‍ കുമാര്‍ (30)ആണ് ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തി ദിവസങ്ങള്‍ക്കകം അരും കൊല നടത്തി ഒളിവില്‍ പോയിരിക്കുന്നത്.

പെണ്‍കുട്ടി വീടിന് പുറത്ത് കളിക്കുകയായിരുന്നുവെന്നും അച്ഛന്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് അനില്‍ അവളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ കുട്ടിയെയും കൊണ്ട് പോകുന്നത് തൊട്ടടുത്ത മദ്യ ഷാപ്പിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ബലാത്സഗം ചെയ്ത ശേഷം കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബലോറം കന്റോണ്‍മെന്റ് ഏരിയയിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. തലയും മുഖവും തല്ലിത്തകര്‍ത്ത നിലയിലായിരുന്നു.
കലസിഗുഡയില്‍ നിന്ന് സെക്കന്തരാബാദില്‍ വന്ന് താമസമാക്കിയ കൂലിപ്പണക്കാരനായ രാമകൃഷ്ണയുടെ മകളാണ് കൊടും ക്രൂരതക്കിരയായ കുട്ടി. ഒരു വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് ശങ്കര്‍ റെഡ്ഡി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുമാര്‍ പുറത്തിറങ്ങിയത്. ഐ പി സി, പോസ്‌കോ എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.