വി എസിന്റെ പദവി: നിയമഭേദഗതിക്ക് ശിപാര്‍ശ

Posted on: July 3, 2016 11:57 pm | Last updated: July 4, 2016 at 1:16 pm
SHARE

V Sതിരുവനന്തപുരം:വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കാന്‍ നിയമ ഭേദഗതി വേണമെന്ന് ശിപാര്‍ശ. ഇരട്ടപദവി നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. വി എസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് സര്‍ക്കാര്‍ നീക്കം.

വി എസിന് ക്യാബിനറ്റ് റാങ്ക് നല്‍കുന്നത് സംബന്ധിച്ച പ്രായോഗിക തടസ്സങ്ങള്‍ പരിശോധിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. 1951ലെ ലെജിസ്ലേറ്റീവ് അസംബ്ലി റിമൂവല്‍ ഡിസ്‌കോളിഫിക്കേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തണമെന്നാണ് ശിപാര്‍ശ. എം എല്‍ എയായ വി എസിന് ക്യാബിനറ്റ് റാങ്കോടെ വേറൊരു പദവി നല്‍കാനായി ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതി വേണമെന്നാണ് ശിപാര്‍ശ.
ഈ നിയമസഭാ സമ്മേളനത്തില്‍ വിഷയം ബില്ലായി അവതരിപ്പിക്കുകയോ അല്ലെങ്കില്‍ നിയമസഭാ സമ്മേളനത്തിന് ശേഷം ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമെന്നാണ് ഇരുവരും നിര്‍ദേശിച്ചത്. ഇതിന് മറ്റു തടസ്സങ്ങളൊന്നുമില്ല. ബില്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കാം. ഈദ് പ്രമാണിച്ച് ബുധാനാഴ്ചത്തെ മന്ത്രിസഭായോഗം ഇന്നാണ് ചേരുന്നത്. ഈ മാസം 19നാണ് പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനം സമാപിക്കുന്നത്. അതിനിടയില്‍ തന്നെ ഈ വിഷയത്തില്‍ ബില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
കമ്മീഷന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വി എസിനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ സി പി എമ്മില്‍ നേരത്തെ ധാരണയായിരുന്നു. സി പി ഐക്കും മറ്റ് ഘടകകക്ഷികള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. സീതാറാം യെച്ചൂരിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത വി എസ് അറിയിച്ചിരുന്നു.
വി എസിന് ഉചിതമായ പദവി നല്‍കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നുമായിരുന്നു പി ബിയുടെ നിര്‍ദേശം. 1957ലാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ആദ്യമായി രൂപവത്കരിക്കപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു ഇതിന്റെ അധ്യക്ഷന്‍. പീന്നീട് 1965ല്‍ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലായിരുന്ന കാലത്ത് എം കെ വെള്ളോടി അധ്യക്ഷനായി രണ്ടാം ഭരണപരിഷ്‌കരണ കമ്മീഷന്‍ രൂപവത്കരിക്കപ്പെട്ടു. 1997ല്‍ നിലവില്‍ വന്ന മൂന്നാം ഭരണപരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ ഇ കെ നായനാരായിരുന്നു.