ഭിന്നലിംഗക്കാരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Posted on: July 3, 2016 11:41 pm | Last updated: July 3, 2016 at 11:41 pm
SHARE

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ട് ഭിന്നലിംഗക്കാരെ പോലീസ് മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വളഞ്ഞമ്പലത്ത് റോഡരികില്‍ അമ്മയെ കാത്തുനില്‍ക്കുകയായിരുന്ന കൊല്ലം സ്വദേശിനിയായ പൂര്‍ണ (23), എറണാകുളം സ്വദേശിനി അയിഷ (25)എന്നിവര്‍ക്കാണ് പോലിസ് മര്‍ദനമേറ്റത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന പൂര്‍ണയെ മര്‍ദിക്കുകയും വിവരമറിഞ്ഞെത്തിയ ഭിന്നലിംഗക്കാരിയായ സുഹൃത്ത് അയിഷയേയും പത്തോളംവരുന്ന പോലിസുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് ആരോപണം.

സ്ത്രീകളാണെന്നറിയിച്ചിട്ടും അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ പൂര്‍ണയുടെ സ്വകാര്യ ഭാഗങ്ങളില്‍ ലാത്തികൊണ്ട് മര്‍ദിക്കുകയും കാലു കൊണ്ട് തൊഴിക്കുകയും ചെയ്തു. വനിത പോലിസുകാരുടെ സാന്നിധ്യമില്ലാതെ പോലിസുകാര്‍ ഇരുവരുടെയും തുണിയഴിച്ച് പരിശോധിച്ചതായും ഇവര്‍ പറഞ്ഞു. പരുക്കേറ്റ ഇരുവരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഭിന്നലിംഗക്കാരുടെ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു. പോലിസുകാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി ജി പി പറഞ്ഞു.
കഴിഞ്ഞദിവസം പരാതി നല്‍കാന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിയ മലയാളികളായ 11 ഭിന്നലിംഗക്കാരെ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് മര്‍ദിച്ചതായും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചതായും മനുഷ്യാവകാശ പ്രവര്‍ത്തകയും ഭിന്നലിംഗക്കാരിയുമായ ശീതള്‍ ശ്യാം ആരോപിച്ചു.