Connect with us

Gulf

നിക്കാഹിനൊരുങ്ങി വരുന്ന അബുദാബിക്കാരന്‍

Published

|

Last Updated

രണ്ടു മാസമാണ് അവധിയുള്ളത്. രണ്ടുമാസമുണ്ടെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഒന്നരമാസമേ ഉണ്ടായിരുന്നുള്ളൂ. ജോലി ചെയയ്തതില്‍ ഒരു മാസത്തെ ശമ്പളം വിമാന ടിക്കറ്റിനും വേണ്ടി വന്നു. എന്നാലും പോയിട്ട് തന്നെ കാര്യം.

ഇവിടെ അവധി കിട്ടാതെ എത്രയോപേര്‍ വിഷമിക്കുന്നു. പിന്നെ എന്തിന് നമുക്ക് കിട്ടുന്ന ഒന്നര മാസത്തെ അവധി ഇവിടെ നഷ്ടപ്പെടുത്തണം. ഇവിടെ ആകര്‍ഷിക്കാന്‍ മാത്രം എന്താണുള്ളത്? ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുണ്ട്, മനോഹരമായ ബീച്ചുകളുണ്ട്, പാര്‍ക്കുകളുണ്ട്. പറഞ്ഞു വരുമ്പോള്‍ അവയില്‍ ഭൂരിഭാഗം കണ്ടിട്ടില്ല. എന്നാ പിന്നെ അതൊക്കെ കണ്ട് രണ്ട് മാസം ഇവിടെ അടിപൊടിളായി ജീവിക്കാമെന്ന് സുഹൃത്ത് ശഫീഖ് പറഞ്ഞെങ്കിലും അതൊന്നും ചെവികൊള്ളാതെ ഒറ്റ ശ്വാസത്തിലെ കൃത്യമായി ഞാന്‍ പറഞ്ഞു.
“എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാന്‍ നാട്ടില്‍ തന്നെ പോകും. അത് കഴിഞ്ഞിട്ടുള്ള ശമ്പളമൊക്കെ മതി. നാടിങ്ങനെ പിന്‍വിളിക്കുമ്പോള്‍ എങ്ങിനെ പോകാതിരിക്കും.”

എന്താണ് നാട്ടിലിത്ര ആകര്‍ഷിക്കാന്‍ ഉള്ളത്? പ്രത്യേകിച്ച് ഒന്നുമില്ല. എന്നാല്‍ ധാരളമുണ്ട് താനും. മൂന്ന് മാസം മുമ്പെ പര്‍ചേസിംഗ് തുടങ്ങിയ സുഹൃത്തുക്കള്‍ ഓരോ ദിവസവും രാവിലെ ഓഫീസിലെത്തിയാല്‍ കലണ്ടറില്‍ ദിവസങ്ങള്‍ വെട്ടി ആഹ്ലാദം കണ്ടെത്തുന്നതിന്റെ ഗുട്ടന്‍സ് മനസിലാക്കാന്‍ മാത്രം ഇവിടെ തങ്ങിയിട്ടില്ലല്ലോ. ഇതാണ് പ്രവാസിയുടെ ഒരു സ്വഭാവം. നാടിനെ കുറിച്ച് അവന്‍ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ അവന് വേറെ ഒന്നും വാദ്ഗാനം ചെയ്തിട്ട് കാര്യല്ല. മുംബൈയില്‍ ഇറങ്ങി മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേക്ക് പറക്കണമെങ്കിലും അവിടെ എത്തിയപ്പോഴേക്കും നാട്ടിലെത്തിയ പ്രതീതിയാണ്. നാട്ടിലെത്തിയ പിറ്റേന്ന് തന്നെ ടെന്‍ഷന്‍ തുടങ്ങി. ഇനി 42 ദിവസം. അപ്പോഴേക്കും ജീവിതത്തിലേക്ക് ഒരാള് വേണം. ജീവിത പാതിയെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡില്‍ അവളെ വിളിക്കാറ്. നാളെ മുതല്‍ അവള്‍ക്ക് വേണ്ടിയുള്ള അന്വേഷണമാണ്. വേട്ട എന്ന് പറയുന്നതാകും ശരി. ആദ്യമൊക്കെ അന്വേഷണമായിരുന്നെങ്കില്‍ ഇപ്പോളത് വേട്ടക്കാരന്‍ തോക്കെടുത്ത് ഇറങ്ങുന്നത്‌പോലെ കുതിര പോലുള്ള ബൈക്കെടുത്ത് അന്വേഷണമാണ്. കാരണം അതിപ്പോള്‍ എന്റെ മാത്രം ആവശ്യമല്ലല്ലോ.

എന്നെ പോറ്റിയ ഉമ്മയുടേതുകൂടിയാണ്. വാര്‍ധക്യത്തിലെത്തിയ ഉമ്മയ്ക്ക് കണ്ണടയും മുമ്പ് കാണാനുള്ള ഏറ്റവും വലിയ ആഗ്രഹം ചെറിയ മകന്റെ ജീവിതവും അവന്റെ കുട്ടികളുമാണ് എന്ന് ഫിറോസ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് കാര്യമായി ഓര്‍ത്തത്. പിന്നീട് അതോര്‍ത്ത് കുറേ കണ്ണീര്‍ വാര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ഈ 42 ദിവസം എനിക്ക് വിലപ്പെട്ടതിനേക്കാള്‍ മറ്റു ചിലര്‍ക്ക് വേണ്ടി കൂടിയാണ് എന്ന് പറയുന്നതാകും ശരി.
അതിന് വേണ്ടി ഇനി ചെയ്യാത്ത അഡ്ജസ്റ്റ്‌മെന്റുകളില്ല. വിവാഹത്തെക്കുറിച്ച് ഉണ്ടാക്കിയ സ്വപ്‌നങ്ങളും ആസൂത്രണങ്ങളുമൊക്കെ ആദ്യമായി ഓരോന്നായി വെട്ടികുറിച്ചു. ഡിഗ്രി കഴിഞ്ഞവള്‍ വേണമെന്നില്ല, പഠിക്കുന്നത് മതി. അല്ല, പ്ലസ് ടു കഴിഞ്ഞതായാലും മതി. 18 വയസില്‍ കുറയാന്‍ പാടില്ലാത്തതിനാല്‍ ഇനി അതിന് താഴോട്ട് പോകുന്നില്ല. അല്ലെങ്കില്‍ 10-ാം ക്ലാസ് വരെ താഴേക്കിറങ്ങി വരുമായിരുന്നു.
നാം ആരാണെന്നും എന്താണെന്നും തിരിച്ചറിയാനുള്ള ഏറ്റവും നല്ല എളുപ്പമാര്‍ഗമാണ് വിവാഹാലോചന. പൊതുവേ എന്തൊക്കെയോ ആണെന്ന് ചെറുതായോ വലുതായോ അഹങ്കരിക്കുന്ന ടൈപ്പില്‍ പെട്ട ആളായതുകൊണ്ട് തന്നെ വിവാഹമൊക്കെ അത്ര വലിയ സംഭവമായിട്ട് തോന്നിയിരുന്നില്ല. അതുകൊണ്ടാവാം ഈ പരീക്ഷണങ്ങളും. ദിവസങ്ങള്‍ കുറയുകയാണ്.

ഇനി 34 ദിവസം മാത്രം. ഒരു കുട്ടിയെ പോലും പോയി കണ്ടില്ല. എങ്ങിനെ പോകും? പോകാന്‍ സ്ഥലം വേണം. കൂടെ ആള് വേണം. യുവത്വമൊക്കെ നഷ്ടപ്പെട്ടു പോയപോലെ. ആരേയും കൂടെ കിട്ടില്ല ഇപ്പോള്‍. എല്ലാവര്‍ക്കും തിരക്കാണ്. ഈ സുഹൃദ് ബന്ധം തന്നെ ഇപ്പോള്‍ കൈയിലുള്ള പണത്തിന്റെ തോത് അനുസരിച്ചും പരിശോധിച്ചുമാണോ? നാട്ടില്‍ തന്നെ ആയിരുന്നെങ്കില്‍ ഒരുപാട് ദിവസം ചെലവഴിച്ചാണെങ്കിലും ആരെങ്കിലും കണ്ടെത്താമായിരുന്നു അല്ലേ. . . സ്വയം ചോദിക്കുമ്പോള്‍ മറുചോദ്യം എന്നില്‍ നിന്ന് ആരോ ചോദിക്കും. ആര് പറഞ്ഞെടോ നിന്നോട് ഗള്‍ഫില്‍ പോകാന്‍? അപ്പോള്‍ ജീവിത നിഴല്‍പ്പാടുകളില്‍ ബഷീര്‍ എഴുതിയത് ഓര്‍മ വരും.
ഇറങ്ങിപൊയ്‌ക്കോ,
ഇത് കിടക്കാനുള്ള സ്ഥലമല്ല.
മനസ്സിലായോ?
അയാള്‍ക്ക് മനസ്സിലായി. വേച്ചുവേച്ചയാള്‍ വെളിയിലേക്കിറങ്ങിപ്പോയി. കുറേ ദൂരം ചെന്നപ്പോള്‍ ആരോ വിളിക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ തിരിഞ്ഞു നോക്കി. പള്ളിയിലുണ്ടായിരുന്ന വയോ വൃദ്ധന്‍. വെണ്‍ചാരം പോലെ വെളുത്തു നീണ്ട താടി. അനുകമ്പയും സ്‌നേഹവും സ്ഫുരിക്കുന്ന നയനങ്ങള്‍.
ഒരു രൂപ വെച്ചു നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മകനേ. . . ദാ ഇതിരിക്കട്ടെ.
അയാള്‍ അതു കൈ നീട്ടിവാങ്ങി. കണ്ണുകള്‍ നിറഞ്ഞു. ഒന്നും കാണാന്‍ പാടില്ല. സ്‌തോഭം അടക്കികൊണ്ട്, കണ്ണുനീര്‍ തുടച്ച്‌കൊണ്ട് നന്ദിപറയാന്‍ ഭാവിച്ചു. വൃദ്ധന്‍ മൂലതിരിച്ച് പോയ്കഴിഞ്ഞിരുന്നു. അയാള്‍ സ്തബ്ധനായി കുറേ നിമിഷങ്ങള്‍ നിന്നുപോയി. (ജീവിത നിഴല്‍പ്പാടുകള്‍)
ഇങ്ങിനെ ആരെങ്കിലുമൊക്കെ എല്ലാവരുടെ കൂടെയും ഉണ്ടാകം. നാട്ടിലെ പള്ളിയിലെ നാസര്‍ ഉസ്താദും, സിദ്ദീഖും, കുഞ്ഞിപ്പയുമൊക്കെ ഈ വൃദ്ധന്റെ പ്രതീകങ്ങളായി തോന്നും.
കാലത്തിനൊത്ത് സഞ്ചരിച്ചില്ലെങ്കിലും പതിയെ ആ പുഴയില്‍ ചെറുതായി നമ്മളും ഒഴുകേണ്ടി വരുമല്ലോ. അതിന്റെ ഭാഗമായിട്ടാവണം ഈ പ്രവാസം. പ്രവാസത്തെ വിമര്‍ശിച്ചും ഒരിക്കലും കയറില്ലെന്നൊക്കെ ശപഥം ചെയതതൊക്കെ മറന്ന് നേരത്താണ് ദുബൈയിലേക്ക് വിമാനം കയറിയത്. ശരാശരി യുവാവിന്റെ സ്വപ്‌നം തന്നെ. വേണം ഒരു വീട്. അയ്യേ എന്ന് ആരും പറയാത്ത വിധത്തിലുള്ള ഒന്ന്. ദാറ്റ്‌സ് ആള്‍.
സെന്‍ കഥകള്‍ വായിച്ചിട്ടോ പ്രവാചകന്റെ ലളിതമായ ജീവിതത്തെ കേട്ടിട്ടോ ഒരു കാലത്ത് ഒരു സൂഫിയെപോലെ ഉള്ളതില്‍ തൃപ്തിപ്പെടാനായിരുന്നു എനിക്കും ആഗ്രഹം. രാത്രി ഏറെ വൈകി ഏതെങ്കിലും യാത്രയില്‍ മഞ്ചേരിയിലും കോഴിക്കോട്ടുമെല്ലാം കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്നവരെ കാണുമ്പോള്‍ കയറിക്കിടക്കാന്‍ അവര്‍ക്ക് കൂരയില്ലെന്നറിയുമ്പോള്‍ അറിയാതെ കണ്ണ് നിറയാറുണ്ട്. എന്നിട്ടുമെന്തേ ലളിതമായ ഒരു വീടുണ്ടായിട്ടും അതില്‍ തൃപ്തിപ്പെടാനാവാത്തത്?

ഭാവിയെ കുറിച്ച് അധികം ആശങ്കപ്പെടാറില്ലെങ്കിലും പില്‍കാലത്ത് എന്റെ തലമുറ എന്നെ ശപിക്കുന്ന ഒരു സമയത്തെ കുറിച്ച് തെല്ല് ഭയമുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ എന്ത് ചെയ്തു?
“കണ്ടോ, തന്ത ഇരിക്കുന്നത്. ! ഞങ്ങള്‍ക്കീ ഗതി വരാന്‍ കാരണമായതൊന്നും ഇയാള്‍ക്കറിയില്ലല്ലോ. ” ജനിക്കാന്‍ പോകുന്ന മക്കളുടെ വാക്കുകള്‍ ഇതുപോലൊക്കെയാകണം.

അവരുടെ ജീവിസന്ധാരത്തിന് ഒരു പിതാവില്‍ നിന്ന് ഒന്നും ലഭിക്കാതെ പോകുമ്പോള്‍ എന്റെ ആത്മാവിനെന്ത് സുഖമുണ്ടാകും? അതുകൊണ്ടുതന്നെ ഒരു പുരുഷന്റെ ജീവിതം മറ്റുള്ള തലമുറക്ക് വേണ്ടിയുള്ളതാണ് എന്ന ചിന്ത അലട്ടുകയും എന്റെ അമിത താത്പര്യങ്ങളിലേക്ക് നയിച്ചത്. അത് അതിമോഹമാണോയെന്ന് കാലം തെളിയിക്കുമായിരിക്കും.
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയപോലെ, എല്ലാ ഗള്‍ഫുകാരന്റേയും ജീവിതം പണയപ്പെടുത്തിയ ശരീരമാണ്. വിസയടിച്ചു ഗള്‍ഫിലെത്തിയാല്‍ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈയില്‍ കൊടുക്കണം. അതിന് കൈയില്‍ ആമം വയ്ക്കുന്നതുമായിട്ടല്ലാതെ മറ്റൊന്നുമായിട്ടും സാമ്യമില്ല. (ജീവപര്യന്തം)

അങ്ങനെ ആ 34 ദിവസത്തിനുള്ളില്‍ പോയി കാണാന്‍ പറ്റിയത് നാലേ നാല് കുട്ടികള്‍. അവരില്‍ ആരും ജീവിതത്തിലേക്ക് വന്നില്ല. ഓരോരുത്തരെ കണ്ട് തിരിച്ചു വന്ന ശേഷം ഒരാഴ്ച വരെ മനസിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദതയായിരിക്കും. അത് മാറ്റാന്‍ ഓരോ യാത്ര പോകും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ രോഗികളെ കണ്ട യാത്ര മുതല്‍ എറണാകുളത്തെ ഫോണ്ട് ശില്‍പശാലയില്‍ പങ്കെടുത്തത് വരെ ആ ഒരു മന്ദതയുടെ നീറ്റലാവണം.

തിരിച്ചുപോരുമ്പോള്‍, എനിക്കറിയാം ഹൃദയം വേദനിക്കുക ഒരാള്‍ക്ക് മാത്രമായിരിക്കുമെന്ന്, ഉമ്മ. വേറെ ആര്‍ക്ക് തോന്നാന്‍?
അതുകൊണ്ടു തന്നെ തിരികെ യാത്രക്കിറങ്ങുമ്പോള്‍ കരയരുതെന്ന് നേരത്തെ സ്വകാര്യമായി ഉമ്മയോട് പറഞ്ഞിരുന്നു. അന്ന് ഞങ്ങള്‍ രണ്ടുപേരും കണ്ണ് നിറച്ചു. കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ചുടു ചുംബനവും തന്നു.
വേഗം ബൈക്കെടുത്ത് വലിയപാറയുടെ മുകളിലേക്ക് പോയി. വലിയ പാറ. സങ്കടങ്ങള്‍ നെഞ്ചേറ്റിയ ഞങ്ങളുടെ നാട്ടിലെ ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥലം. എന്റെ മാത്രമല്ല, ഞങ്ങള്‍ പലരുടെയും സങ്കടങ്ങള്‍ സഹിച്ചു കേട്ട വലിയ ശിലയാണത്. അവിടെ നിന്നാല്‍ കഴിക്കനേറനാട്ടിലെ തലയുയര്‍ത്തി നില്‍ക്കുന്ന പ്രദേശങ്ങളെല്ലാം കാണാം. അവിടെയങ്ങിനെ നില്‍ക്കുമ്പോള്‍ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ തെന്നല്‍ വീശിക്കൊണ്ടേയിരിക്കും. ആകാശത്തേക്ക് നോക്കി ഏകാന്തമായുള്ള ആ കിടത്തത്തില്‍ കാറ്റുകള്‍ കണ്ണുനീരിനെ തഴുകി പറന്നകലും.

 

 

Latest