ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും

Posted on: July 3, 2016 9:49 pm | Last updated: July 3, 2016 at 9:49 pm
SHARE

priyanka_2918126fലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി തന്നെ നയിക്കും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി 150 തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുമെന്ന് യുപിയിലെ കോണ്‍ഗ്രസ് വക്താവ് സത്യദേവ് ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രചരണമായിരിക്കും കോണ്‍ഗ്രസ് നയിക്കുക എന്നും സത്യദേവ് ത്രിപാഠി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠി, റായ്ബറേലി എന്നിവടങ്ങളില്‍ മാത്രമേ ഇതിനുമുമ്പ് പ്രിയങ്ക മുഴുവന്‍സമയ പ്രചാരണത്തിന് ഇറങ്ങിയിട്ടുള്ളൂ. ഇക്കുറി യു.പി.യിലുടനീളം പ്രിയങ്കയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ലഖ്‌നൗവില്‍ ഈ മാസം തന്നെ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദിപങ്കിട്ടായിരിക്കും പ്രിയങ്ക പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കുക. രാഹുല്‍ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

യു.പി.യിലെ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് രൂപംനല്‍കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവിദഗ്ധന്‍ പ്രശാന്ത് കിഷോര്‍, പ്രിയങ്കയെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി അവതരിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു . നരേന്ദ്രമോഡിയുടെയും നീതീഷ്‌കുമാര്‍ സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് വിജയങ്ങളിലെ പ്രധാന കണ്ണിയായിരുന്ന പ്രശാന്ത് കിഷോറിനെയാണു യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്നത്.