Connect with us

National

പാംപോര്‍ ഭീകരാക്രമണം: ഭീകരര്‍ വന്ന വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പാംപോര്‍ ഭീകരാക്രമണത്തില്‍ ഭീകരരെ പാംപോറില്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. ആക്രമണത്തിന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭികരര്‍ കാശ്മീരില്‍ എത്തിയിരുന്നു. ബാബാ റേശിയില്‍ നിന്ന് ടാറ്റ സുമോ വാഹനത്തിലാണ് ഇവര്‍ പുല്‍വാമ ജില്ലയില്‍ എത്തിയത്. ഈ ടാറ്റ സുമോ ഓടിച്ചയാളെയാണ് രഹസ്യാന്വേഷണ സംഘം തിരിച്ചറിഞ്ഞത്. വടക്കന്‍ കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെ തെക്കന്‍ കാശ്മീരിലേക്ക് കൊണ്ടുവന്നത് ഇയാളാണ്. ഭീകര സംഘടനയുടെ ഗ്രൗണ്ട് വര്‍ക്കറാണ് ഡ്രൈവറെന്ന് പോലീസ് സംശയിച്ചിരുന്നുവെങ്കിലും ഇയാള്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

ആക്രമണത്തിന് മുമ്പ് ദേശീയ പാതയിലൂടെ രംഗവീക്ഷണം നടത്തിയ ശേഷമാണ് ഭീകരര്‍ ആക്രമണത്തിന് പറ്റിയ സ്ഥലം തിരഞ്ഞെടുത്തത്. ആക്രമണത്തിനിടയില്‍ രണ്ട് ഭീകരരെ ദ്രുത കര്‍മസേന വധിച്ചിരുന്നു. മറ്റൊരാള്‍ സൈനയവുമായുണ്ടായ ഏറ്റുമുട്ടലിലും കൊല്ലപ്പെട്ടു. ഒരാള്‍ ഷോപ്പിയാന്‍ വനാന്തരങ്ങളിലേക്ക് ഒളിച്ചുകടന്നതാണ് സൂചന.

ശ്രീനഗര്‍ – ജമ്മു നാഷണല്‍ ഹൈവേയിലെ പാംപോറില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ജൂണ്‍ 25നാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Latest