Connect with us

National

ശമ്പള വര്‍ധന അപര്യാപ്തം: 33 ലക്ഷം കേന്ദ്ര ജീവനക്കാര്‍ സമരത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധന കുറവാണെന്നാരോപിച്ച് 33 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ജൂലൈ 11 മുതല്‍ സമരത്തിലേക്ക്. പ്രതിരോധ മേഖലയില്‍ നിന്നുള്ളവര്‍ ഒഴിച്ച് മറ്റ് സംഘടനകളില്‍ നിന്നുള്ളവരായിരിക്കും സമരത്തിന് ഇറങ്ങുകയെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് സംഘടനകള്‍ ചേര്‍ന്ന് നാഷണല്‍ ജോയിന്റ് കൗണ്‍സില്‍ ഓഫ് ആക്ഷന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ ശമ്പള കമ്മീഷന്‍ 7000 രൂപയാണ് അടിസ്ഥാന ശമ്പളമായി പ്രഖ്യാപിച്ചത്. ഫിറ്റ്‌മെന്റ് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ഈ തുകയെ 2.57 കൊണ്ട് ഗുണിച്ചാണ് പുതിയ വര്‍ധനവ് 18000 രൂപയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഫിറ്റ്‌മെന്റ് ഫോര്‍മുലയെ 3.68 കൊണ്ട് ഗുണിച്ച് അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്നാണ് എന്‍ജെസിഎ ആവശ്യപ്പെടുന്നത്.

ജൂണ്‍ 30 ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവരുമായി ഈ വിഷയം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ജൂലൈ അഞ്ചിനകം സര്‍ക്കാര്‍ നയം വ്യക്തമാക്കിയില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.