Connect with us

Malappuram

സബൂറിനെ സഊദി ജയിലില്‍ നിന്ന് വിട്ടുകിട്ടാന്‍ പോലീസ് ശ്രമം തുടങ്ങി

Published

|

Last Updated

മഞ്ചേരി: കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയശേഷം സഊദിയിലേക്ക് മുങ്ങിയ കേസിലെ 17-ാം പ്രതി കീഴുപറമ്പ് ഓത്തുപള്ളി പൂറായ കോട്ട സബൂറി (28)നെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ കൊലക്കേസ് പ്രതിയെ സഊദി ജയിലില്‍ നിന്ന് വിട്ടുകിട്ടാനാവശ്യമായ രേഖകളാണ് പോലീസ് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്. സഊദി എംബസി മുഖേന മറ്റ് നിയമ നടപടികളും വേഗത്തിലാക്കും. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറുമായി ഉടമ്പടിയില്‍ ഒപ്പുവെച്ചശേഷം ഇതാദ്യമായാണ് പ്രതിയെ വിട്ടുകിട്ടുന്നതിനുള്ള നീക്കം ആരംഭിച്ചത്. സെപ്തംബറില്‍ മഞ്ചേരി ജില്ലാ സെഷന്‍ കോടതി ജഡ്ജ് മുമ്പാകെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും.
അതിനു മുമ്പായി പ്രതിയെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊലപാതകത്തിന് ശേഷം ഖത്തറിലേക്ക് കടന്ന 17-ാം പ്രതി മുജീബ് റഹ്മാന്‍ (39)നെയും ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താന്‍ പദ്ധതിയിട്ട സംഭവത്തിലെ ബുദ്ധി കേന്ദ്രമായ സബൂര്‍ നാല് വര്‍ഷമായി സഊദിയില്‍ ഒളിവിലായിരുന്നു. ഇന്റര്‍പോളിന്റെ നിര്‍ദേശമനുസരിച്ച് മെയ് അവസാനത്തിലാണ് സബൂറിനെ സഊദി പോലീസ് പിടികൂടി ജയിലിടച്ചത്.
ജയിലില്‍ കഴിയുന്ന സബൂറിനെ നാട്ടിലെത്തിക്കാന്‍ പി കെ ബശീര്‍ എം എല്‍ എ പോലീസില്‍ സമ്മര്‍ദം ചൊലിത്തിയത് വിവാദമായി. കേസില്‍ ആരോപണ വിധേയനായ ബശീറിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടെ സബൂറിനെ ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പട്ട് ബശീര്‍ പോലീസിനെ സമീപിച്ചത് സംശയത്തിനിടയാക്കിയിട്ടുണ്ട്.
സഊദി ജയിലില്‍ കഴിയുന്ന സബൂറിനെ നാട്ടിലെത്തിച്ച ശേഷം ജാമ്യത്തില്‍ പുറത്തിറക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. 2012 ജൂണ്‍ 10നാണ് കേസിന് ആസ്പദമായ സംഭവം. ആതീഖ് റഹ്മാന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു(48), സഹോദരന്‍ അബ്ദുല്‍ കലാം ആസാദ്(37) എന്നിവരെ മുഖം മൂടി ധരിച്ചെത്തിയ പ്രതികള്‍ നടുറോഡില്‍ വെച്ച് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.